നവോദയ മലയാളം ചെറുകഥ പുരസ്കാരം ജെയ് എൻ.കെയ്ക്ക്
text_fieldsദമ്മാം: ‘നവോദയ ലിറ്റ്ഫെസ്റ്റി’ന് മുന്നോടിയായി ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച മലയാളം ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു.
സൗദിയിലെ ജുബൈലിൽ ജോലിചെയ്യുന്ന ജെയ് എൻ.കെ എഴുതിയ ‘സാംബിയ’ എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. യു.എ.ഇയിലെ ജോയ് ഡാനിയേൽ എഴുതിയ ‘ബ്ലെൻഡർ’എന്ന കഥ രണ്ടാം സ്ഥാനവും സോണിയ പുൽപ്പാട്ട് എഴുതിയ ‘നിമിതയുടെ നിമിഷങ്ങൾ’ മൂന്നാം സമ്മാനവും നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000 , 15,000, 10,000 രൂപയും ശില്പവും സമ്മാനിക്കും. മത്സരത്തിലേക്ക് അയച്ചുകിട്ടിയ നൂറിലധികം കഥകളിൽ നിന്നാണ് ജേതാക്കളെ കണ്ടെത്തിയത്. എഴുത്തുകാരായ വൈശാഖൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.ജെ.ജെ. ആൻറണി എന്നിവരായിരുന്നു വിധികർത്താക്കൾ. സമ്മാനാർഹമായതടക്കം തെരഞ്ഞെടുത്ത 20 കഥകളുടെ സമാഹാരമായി ‘അക്കരക്കഥകൾ’ എന്ന പേരിൽ പുസ്തകം ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കും. ഇതിെൻറ പ്രകാശനം ഏപ്രിൽ 22-23 തീയതികളിൽ നടക്കുന്ന ‘നവോദയ ലിറ്റ്ഫെസ്റ്റ് 2023’ വേദിയിൽ നടക്കും.
ദ്വിദിന സാഹിത്യക്യാമ്പും അതിനോട് അനുബന്ധിച്ച് അയ്യായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും വിവിധ കലാസാംസ്കാരിക പരിപാടികളും സമൂഹ ചിത്രരചനയും ലിറ്റ്ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗൾഫ് മേഖലയിൽ നിന്നുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക. ക്യാമ്പിന് പ്രശസ്ത എഴുത്തുകാരായ വൈശാഖൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ടി.ഡി. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. മൂന്ന് വിഷയങ്ങൾ പ്രമേയമാക്കിയായിരിക്കും ക്യാമ്പ്. പരിപാടിയുടെ ലോഗോയും ആദ്യ പോസ്റ്ററും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ യു.കെ. കുമാരൻ മാർച്ച് 22-ന് പ്രകാശനം ചെയ്തിരുന്നു. ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിൽ നവോദയ സാംസ്കാരിക കമ്മിറ്റി കോഓഡിനേറ്റർ പ്രദീപ് കൊട്ടിയം, ചെയർമാൻ മോഹനൻ വെള്ളിനേഴി, സ്വാഗത സംഘം കൺവീനർ ഷമീം നാണത്ത്, കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ, കേന്ദ്രകുടുംബവേദി സാംസ്കാരിക കമ്മിറ്റി ചെയർ പേർസൺ അനുരാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

