സംഗീതമഴയായി പെയ്തിറങ്ങി ‘നവോദയോത്സവ് 2025’
text_fieldsജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ‘നവോദയോത്സവ് 2025’ മെഗാ ഷോ ആക്ടിങ് രക്ഷാധികാരി അബ്ദുല്ല മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
യാംബു: ജിദ്ദ നവോദയ യാംബു ഏരിയകമ്മിറ്റിയുടെ 16ാം വാർഷികാഘോഷമായ ‘നവോദയോത്സവ് 2025’ മെഗാഷോ അരങ്ങേറി.
യാംബു -ജിദ്ദ ബീച്ച് റോഡിലെ റാഡിസൺ ബ്ലൂ ഹോട്ടലിനടുത്തുള്ള ഖസർ അൽ മീറാത്തി ഓഡിറ്റോറിയത്തിൽ നടന്ന സംഗീത വിരുന്ന് യാംബു മലയാളി സമൂഹത്തിന് നവ്യാനുഭവമായി. സാംസ്കാരിക സമ്മേളനം ജിദ്ദ നവോദയ ആക്ടിങ് രക്ഷാധികാരി അബ്ദുല്ല മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി അജോ ജോർജ് അധ്യക്ഷത വഹിച്ചു. ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ആക്ടിങ് സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു. സൗദി അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളി താരം തൃശൂർ സ്വദേശി സിദ്ധാർഥ് ശങ്കർ, നവോദയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ആരോഗ്യ പ്രവർത്തകരായ യമുന സെബാസ്റ്റ്യൻ, അജി മാത്യു എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
നവോദയ അംഗങ്ങളുടെ മക്കളിൽനിന്ന് 10ാം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ‘എജുക്കേഷൻ എക്സലൻസി അവാർഡ്’ മരിയ ട്രീസ സെബാസ്റ്റ്യന് ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങലും അദീന സലീമിന് മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ടും സമ്മാനിച്ചു. മെഗാഷോക്ക് മുന്നോടിയായി നവോദയ കുടുംബവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും യാംബുവിലെ വിവിധ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി. ചലച്ചിത്ര പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു, ഷജീർ പട്ടുറുമാൽ എന്നിവർ വേദി കീഴടക്കി. കുടുംബങ്ങളും ബാച്ചിലേഴ്സും അടക്കം ധാരാളം പേർ പരിപാടി ആസ്വദിക്കാനെത്തി.
അധ്യാപകരായ ജെഫ്സി ഫ്രാങ്ക്, റിൻസി കെ. രാജ് എന്നിവർ അവതാരകരായിരുന്നു. അജോ ജോർജ്, സിബിൾ പാവറട്ടി, വിനയൻ പാലത്തിങ്ങൽ, ബിഹാസ് കരുവാരകുണ്ട്, വിപിൻ തോമസ്, എ.പി. സാക്കിർ, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, ബിജു വെള്ളിയാമറ്റം, എബ്രഹാം തോമസ്, രാജീവ് തിരുവല്ല, ഷാഹുൽ ഹമീദ്, റിജേഷ് ബാലൻ, ആശിഖ്, ഗോപി മന്ത്രവാദി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

