‘നവോദയ ത്രൂലെൻസ് 2024’ ഷോർട്ട് ഫിലിം പുരസ്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു
text_fieldsജുബൈൽ: നവോദയ സാംസ്കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി ‘ത്രൂലെൻസ് 2024’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം പുരസ്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾ, സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, ബാലതാരം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകരായ ടോം ഇമ്മട്ടി, ജിയോ ബേബി, പ്രജീഷ് സെൻ എന്നിവർ ജൂറികളായിരിക്കും. ജി.സി.സി. രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ട മലയാള ഭാഷയിലുള്ള ഷോർട് ഫിലിമുകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
2021 ജനുവരി ഒന്ന് മുതൽ 2024 ആഗസ്റ്റ് 31 വരെ റിലീസ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. പരമാവധി 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ടെലിഫിലിമിന്റെ ഉള്ളടക്കം സൗദി നിയമങ്ങൾക്ക് വിധേയമായിരിക്കണം. ഒരു സംവിധായകന്റെ ഒരു എൻട്രി മാത്രമേ പരിഗണിക്കൂ. വിജയികളുടെ പ്രഖ്യാപനം സെപ്റ്റംബറിൽ നടക്കും. ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. എൻട്രികൾ throughlens2024@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം. അവസാന തീയതി ആഗസ്റ്റ് 31.

