നവോദയ അഹമ്മദ് മേലാറ്റൂരിനെ അനുസ്മരിച്ചു
text_fieldsനവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച അഹമ്മദ് മേലാറ്റൂർ അനുസ്മരണ പരിപാടിയിൽ ശ്രീരാജ് സംസാരിക്കുന്നു
റിയാദ്: നവോദയ സാംസ്കാരിക വേദി മുൻ ജോയന്റ് സെക്രട്ടറിയും റിയാദിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അഹമ്മദ് മേലാറ്റൂരിന്റെ അഞ്ചാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടത്തി.നല്ല വായനക്കാരനായും മികച്ച സംഘാടകനായും അഹമ്മദ് റിയാദിൽ നടത്തിയ പ്രവർത്തനങ്ങൾ അങ്ങേയറ്റം മാതൃകപരമായിരുന്നെന്ന് പ്രസംഗകർ അനുസ്മരിച്ചു.
വീട്ടിൽ സ്വന്തമായി വലിയൊരു പുസ്തകശേഖരം ഉണ്ടായിരുന്ന അദ്ദേഹം പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് എന്നും മുൻകൈയെടുത്തിരുന്നു. കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എല്ലാ ചർച്ചകളിലും സംവാദങ്ങളിലും അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു.
കക്ഷിരാഷ്ട്രീയത്തിനതീതമായി അഹമ്മദിന് റിയാദിൽ വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കവിതകൾ രചിക്കുകയും അതൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. റിഫ എന്ന സംഘടനയിലും പ്രവർത്തിച്ചിരുന്ന അഹമ്മദ്, സൗദിയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് വായനമത്സരം സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയിരുന്നു.
2017ൽ ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽവെച്ചാണ് അദ്ദേഹം മരിച്ചത്. കേരള പ്രവാസി സംഘം മലപ്പുറം ജില്ല കമ്മിറ്റി അംഗമായ നിഷാ മേലാറ്റൂരാണ് ഭാര്യ. മെൽഹിൻ, മെഹർ എന്നിവർ മക്കളാണ്.അനുസ്മരണ യോഗത്തിൽ ബാബുജി അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, പൂക്കോയ തങ്ങൾ, കുമ്മിൾ സുധീർ, ശ്രീരാജ്, അനിൽ മണമ്പൂർ, മനോഹരൻ, ഗോപിനാഥ്, അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം, ഹാരിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

