നവോദയ ‘ലിറ്റ് ഫെസ്റ്റ്-2023’ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsനവോദയ ലിറ്റ്ഫെസ്റ്റ് സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ കേന്ദ്ര ജോയൻറ് സെക്രട്ടറി ഷമീം നാണത്ത് സംസാരിക്കുന്നു
ദമ്മാം: നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ, ഏപ്രിൽ 22-23 തീയതികളിൽ ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ലിറ്റ് ഫെസ്റ്റി’ന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
ദ്വിദിന സാഹിത്യക്യാമ്പ്, പുസ്തകപ്രദർശനം, പുസ്തകമേള, കലാസാംസ്കാരിക പരിപാടികൾ എന്നിവയാണ് ലിറ്റ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സാഹിത്യതൽപരരായ ആർക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നാട്ടിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാർ ക്യാമ്പിന് നേതൃത്വം നൽകും.
ലിറ്റ് ഫെസ്റ്റിന് മുന്നോടിയായി ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കായി നടത്തിയ ചെറുകഥാ മത്സരവിജയികളെ ഫെസ്റ്റിൽ പ്രഖ്യാപിക്കും. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയുമാണ് വിജയികൾക്ക് നൽകുക. കൂടാതെ തെരഞ്ഞെടുത്ത 10 കഥകൾ ചേർത്ത് പ്രമുഖ പ്രസാധകർ പുസ്തകം പ്രസിദ്ധീകരിക്കും. ചെറുകഥ മത്സര പുരസ്കാര വിതരണവും പുസ്തക പ്രകാശനവും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.ദമ്മാമിൽ നടന്ന സ്വാഗതസംഘ രൂപവത്കരണയോഗത്തിൽ നവോദയ കേന്ദ്ര ജോയന്റ് സെക്രട്ടറി ഷമീം നാണത്ത് പരിപാടി വിശദീകരിച്ചു. ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതസംഘം പാനൽ അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പവനൻ മൂലക്കീൽ, കേന്ദ്ര ജോയൻറ് സെക്രട്ടറി നൗഫൽ വെളിയങ്കോട് എന്നിവർ സംസാരിച്ചു. കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ സ്വാഗതവും കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: പ്രദീപ് കൊട്ടിയം (രക്ഷാധികാരി), ഉമേഷ് കളരിക്കൽ (ചെയർ.), ജയപ്രകാശ് (വൈ. ചെയർ.), ഷമീം നാണത്ത് (ജന.കൺ.), മോഹൻദാസ്, ഷാനവാസ് (ജോ.കൺ.). കൂടാതെ വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

