നവോദയ ‘വിൻറർ ഇന്ത്യ ഫെസ്റ്റ് 2023’ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsവിൻറർ ഫെസ്റ്റ് സ്വാഗതസംഘ രൂപവത്കരണയോഗം നവോദയ കേന്ദ്ര മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സാംസ്കാരികോത്സവമായ ‘വിൻറർ ഇന്ത്യ ഫെസ്റ്റ് 2023’ന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റിയുടെ അംഗീകാരത്തോടെ നവംബർ മൂന്നിന് ഖോബാർ ട്രൈലാൻഡ് സ്റ്റേഡിയത്തിൽ (അൽ ഗുസ്സൈബി) നടക്കുന്ന ഫെസ്റ്റിൽ ബോളിവുഡിലെയും തെന്നിന്ത്യൻ സിനിമാമേഖലകളിലെയും മെഗാ സ്റ്റാറുകൾ പങ്കെടുക്കും. കിഴക്കൻപ്രവിശ്യയിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പ്രകടനം, ദൃശ്യചാരുതയുള്ള വൈവിധ്യമാർന്ന പവിലിയനുകൾ, സയൻസ് എക്സിബിഷൻ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ബുക്ക്സ്റ്റാൾ, ഫുഡ്കോർട്ടുകൾ എന്നിവയും ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമാകും.
ദമ്മാം നവോദയ സാംസ്കാരിക വേദിയാണ് ഇന്ത്യാഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നവോദയ അഞ്ചുവർഷം കൂടുമ്പോൾ ഇത്തരം മെഗാ ഇവൻറുകൾ സംഘടിപ്പിക്കാറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കിഴക്കൻപ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ പങ്കെടുത്തു. ബഷീർ വാരോട് (രക്ഷാധികാരി), പവനൻ മൂലക്കീൽ (ചെയർമാൻ), ലക്ഷ്മണൻ കണ്ടമ്പത്ത്, നന്ദിനി മോഹൻ (വൈസ് ചെയർമാൻ), രഞ്ജിത് വടകര (ജന. കൺവീനർ), ഉമേഷ് കളരിക്കൽ (കൺവീനർ), കൃഷ്ണകുമാർ ചവറ (ട്രഷറർ) എന്നിവർ ഭാരവാഹികളായി വിവിധ സബ്കമ്മിറ്റികൾ അടങ്ങിയ 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ നവോദയ പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതസംഘം പാനൽ അവതരിപ്പിച്ചു. രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, ഹനീഫ മൂവാറ്റുപുഴ, കേരള പ്രവാസിസംഘം എറണാകുളം ജില്ല വൈസ് പ്രസിഡൻറ് നിസാർ എമറാൾഡ്, നവോദയ ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, ദമ്മാമിലെ സാമൂഹിക പ്രവർത്തകരായ സുനിൽ മുഹമ്മദ്, താജു അയ്യാരിൽ, മുസ്തഫ തലശ്ശേരി, ഷിഹാബ് കൊയിലാണ്ടി, സ്വാഗതസംഘം ജനറൽ കൺവീനർ രഞ്ജിത് വടകര എന്നിവർ സംസാരിച്ചു.
നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ സ്വാഗതവും നവോദയ കേന്ദ്ര ജോയൻറ് സെക്രട്ടറി നൗഫൽ വെളിയങ്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

