സ്ത്രീകൾ അവകാശങ്ങളെല്ലാം നേടിയെടുത്തത് പോരാട്ടങ്ങളിലൂടെ -നവോദയ കുടുംബവേദി
text_fieldsറിയാദ്: സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങളെല്ലാം നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണെന്നും ലിംഗ സമത്വത്തിനായി ഇനിയും ബഹുദൂരം സ്ത്രീകൾക്ക് സഞ്ചരിക്കാനുണ്ടെന്നും റിയാദ് നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച വനിത ദിനാചരണ പരിപാടിയിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. യുദ്ധങ്ങളുടേയും പ്രകൃതി ദുരന്തങ്ങളുടെയും ആത്യന്തികമായ ഇരകളിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും വയോജനങ്ങളുമാണ്. യുക്രെയ്നിലെ അഭയാർഥികൾക്കുവേണ്ടിയും താലിബാൻ ഭരണത്തിലായ അഫ്ഘാനിസ്താനിലെ സ്ത്രീകൾക്കുവേണ്ടിയും ലോകം ശബ്ദമുയർത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന മോദി സർക്കാർ സ്ത്രീകളെ രണ്ടാംനിര പൗരന്മാരായിട്ടാണ് കാണുന്നത്. ഇതുവരെയും സ്ത്രീ സംവരണ ബിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കാത്തത് അതിെൻറ പ്രത്യക്ഷ ഉദാഹരണം മാത്രം. സ്ത്രീകളുടെ ഉന്നമനത്തിനായി കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികളെ പ്രമേയം അഭിനന്ദിച്ചു. അവകാശ പ്രമേയം നവോദയ കുടുംബവേദി കൺവീനർ അഞ്ജു സജിൻ അവതരിപ്പിച്ചു. യോഗം മൈമൂന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൃത്യമായ ബോധനരീതികളിലൂടെയും മൂല്യവത്തായ കുടുംബ ജീവിതത്തിലൂടെയും സമൂഹത്തിൽ കാണുന്ന പല അസാന്മാർഗിക പ്രവണതകളും തുടച്ചുനീക്കാൻ കഴിയുമെന്ന് ഉദ്ഘാടക ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ബഹുമാനിക്കുകയും അവളുടെ വ്യക്തിത്വം അംഗീകരിക്കുകയും ചെയ്യുന്ന യുവതലമുറയെ കുടുംബങ്ങളിൽ നിന്നുതന്നെ വാർത്തെടുക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. കേരള ചരിത്രത്തിൽ ഇടംനേടിയ ഏതാനും വനിതാരത്നങ്ങളുടെ ജീവചരിത്രം യോഗത്തിൽ അനുസ്മരിക്കപ്പെട്ടു. കെ.പി.എ.സി. ലളിത (ബീന സുനിൽ), ജസ്റ്റിസ് ഫാത്തിമാ ബീവി (അഞ്ജു ഷാജു), മേരി റോയ് (റാണി ടീച്ചർ) എന്നിവരെയാണ് അനുസ്മരിച്ചത്. നവോദയ ആക്ടിങ് സെക്രട്ടറി പൂക്കോയ തങ്ങൾ, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രതീന ജയജിത്ത് അധ്യക്ഷത വഹിച്ചു. അഞ്ജു സജിൻ സ്വാഗതവും അഞ്ജു ഷാജു നന്ദിയും പറഞ്ഞു.