ലോക കേരളസഭ പിരിച്ചുവിടാനുള്ള തീരുമാനം പിൻവലിക്കണം -നവോദയ സാംസ്കാരിക വേദി
text_fieldsദമ്മാം: ലോക കേരള സഭ പിരിച്ചുവിടാനുള്ള ശ്രമത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് നവോദയ സാംസ്കാരിക വേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അന്യ നാടുകളിൽ അധ്വാനിച്ച് കുടുംബത്തെയും നാടിനെയും ഒരുപോലെ ചേർത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഭരണകൂടവുമായി നേരിട്ട് പങ്കുവെക്കുന്നതിനുള്ള സ്ഥിരമായ ജനാധിപത്യ വേദിയായാണ് ലോക കേരള സഭ രൂപീകരിക്കപ്പെട്ടത്. കേരളത്തിെൻറ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയിൽ വലിയ സംഭാവന നൽകിയ പ്രവാസികൾക്ക് ഇത്തരം സംവിധാനങ്ങൾ ദീർഘകാലമായി പരിമിതമായിരുന്നു.
ലോക കേരള സഭ കേവലം ഒരു സമ്മേളനമല്ലെന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു ആഗോള ജനാധിപത്യ വേദിയും ബന്ധശൃംഖലയുമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സാധാരണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പ്രൊഫഷണലുകൾ, സംരംഭകർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവരെ ഒരേ വേദിയിൽ കൊണ്ടുവരാൻ ഇതുവഴി സാധിക്കുന്നു.
വിദേശരാജ്യങ്ങളിൽ മലയാളികൾ അപകടം, മരണം, തൊഴിൽ പ്രശ്നങ്ങൾ, നിയമപരമോ വ്യക്തിപരമോ ആയ പ്രതിസന്ധികൾ എന്നിവ നേരിടുമ്പോൾ അവിടെയുള്ള മലയാളി സമൂഹവുമായും സംഘടനകളുമായും ബന്ധപ്പെടാനും സഹായങ്ങൾ ഏകോപിപ്പിക്കാനും ഇത്തരം നെറ്റ്‌വർക്കുകൾ ഏറെ ഉപകരിക്കുന്നുണ്ട്. കോവിഡ് കാലത്തും റഷ്യ–ഉക്രെയ്ൻ യുദ്ധ വേളയിലും ഈ ബന്ധശൃംഖലയുടെ പ്രാധാന്യം നാം അനുഭവിച്ചറിഞ്ഞതാണ്.
പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഭരണകൂടത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും അവരുടെ അനുഭവങ്ങളും നിർദേശങ്ങളും കേരളത്തിെൻറ നയരൂപീകരണവുമായി ബന്ധിപ്പിക്കാനും ലോക കേരള സഭ അവസരമൊരുക്കുന്നു. പ്രവാസികളുടെ ക്ഷേമം, സുരക്ഷ, പുനരധിവാസം, തൊഴിൽ, സാമൂഹിക സുരക്ഷ, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചർച്ച ചെയ്യുന്ന വേദിയാണിത്.
പ്രവാസിയെ വെറും പണം അയക്കുന്ന ആളായി മാത്രം കാണാതെ അയാളുടെ അധ്വാനവും ജീവിതവും അവകാശങ്ങളും പ്രയാസങ്ങളും കേരളത്തിെൻറ വികസന കാഴ്ചപ്പാടിെൻറ ഭാഗമാക്കണം. അതിനാൽ ഈ വേദിയെ ദുർബലപ്പെടുത്താതെ കാലത്തിനനുസരിച്ച് ശക്തിപ്പെടുത്തണമെന്നും, പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിച്ച് പ്രവാസികളുടെ ജനാധിപത്യ വേദിയും ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കണമെന്നും നവോദയ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

