കിഴക്കൻ പ്രവിശ്യയിൽ കലാ, സംസ്കാരിക പ്രവർത്തനങ്ങളുമായി ‘നവോദയ’ 25 ന്റെ നിറവിൽ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ കലാ, സംസ്കാരിക പ്രവർത്തനങ്ങളുടെ പുതിയ മുഖവും ഭാവവും നൽകിയ നവോദയ സാംസ്കാരിക വേദിക്ക് 25 വയസ്സ് തികയുന്നു. 26,000ത്തിലധികം അംഗങ്ങളുമായി പ്രവിശ്യയിലെ ഏറ്റവും വലിയ സംഘടനയായി മാറിയ നവോദയ സിൽവർ ജൂബിലി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 2001 സെപ്റ്റംബർ 21 ന് ദമ്മാമിലെ കാർട്ടൺ ഹോട്ടലിൽ കൂടിയ പരിമണിതമായ സംഘമാണ് പിന്നീട് ദമ്മാമിന്റെ സംഘടനാ പ്ര്വർത്തന മുഖത്തിന് ഒരിക്കലും മറക്കാനാവാത്ത കൂട്ടമായി മാറിയത്.
സ്ഥാപക നേതാക്കളിൽ ഭൂരിഭാഗവും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിട്ടും അവർ കൊളുത്തിവെച്ച വിളക്ക് കൂടുതൽ വെളിച്ചത്തോടെ ഇപ്പോഴും തെളിഞ്ഞു കത്തുകയാണ്. നാട്ടിലെ ഇടതു രാഷ്ട്രീയ ആവേശങ്ങൾ നിറനെഞ്ചിലേറ്റിയ ഉശിരിലും ജീവിതത്തിന്റെ മറുകര തേടി ഗൾഫിലെത്തപ്പെട്ട 99 പേർ ഒത്തുകൂടിയാണ് 'നവോദയ നൊൻസ്' എന്ന പേരിൽ ആദ്യ സംഘടനാ രൂപീകരണം നടക്കുന്നത്. ഹബീബ് ഏലംകുളം പ്രസിഡന്റും ഇ.എം കബീർ സെക്രട്ടറിയും ആയിരുന്നു ആദ്യ ഭാരവാഹികൾ. തുടർന്ന് വന്ന കേന്ദ്ര എക്സിക്യൂട്ടീവിൽ ഉൽപെട്ടിരുന്ന ബഷീർ വരോടും, പ്രദീപ് കൊട്ടിയവും ഇപ്പോഴും രക്ഷാധികാരികളായുണ്ട്. അന്നുണ്ടായിരുന്ന രഞ്ജിത്ത് വടകരയാണ് ഇന്ന് നവോദയയുടെ ജനറൽ സെക്രട്ടറി.
സംഘടനാ പ്രവർത്തനങ്ങൾ കാര്യമായ വിലക്കുണ്ടായിരുന്ന കാലത്ത് സൗദി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വിലക്കുകളെ മറികടക്കുന്നതിൽ നവോദയ വഹിച്ച പങ്ക് ചെറുതല്ല. കിഴക്കൻ പ്രവിശ്യക്ക് ഓർത്തിരിക്കാൻ നവോദയ നാല് വർഷത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് മാത്രം മതിയാകും. ഒ.എൻ.വി, പി. ഗോവിന്ദപിള്ള തുടങ്ങി മലയാളത്തിലെ മുൻനിര എഴുത്തുകാരേയും സാംസ്കാരിക പ്രവർത്തകരേയും ദമ്മാമിൽ എത്തിച്ചത് നവോദയ ആണ്. ദിയാ ധനം നൽകാനില്ലാതെ കാലങ്ങളായി ജയിലിൽ കഴിഞ്ഞ 17 പേരുടെ കഥ പുറം ലോകത്ത് എത്തിച്ചുകൊണ്ട് നവോദയ നടത്തിയ ശ്രമം ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. പുറം ലോകം കാണില്ലെന്ന് കരുതിയ 17 പേർക്ക് പുതു ജീവൻ നൽകുകയായിരുന്നു അതിലൂടെ. 'ഗൾഫ് മാധ്യമം' ഏറെ പിന്തുണ നൽകി ഇതിനോടൊപ്പം നിന്നിരുന്നു.
തിരുവന്തപുരം കാൻസർ സെന്ററുമായി ചേർന്ന് നവോദയ സംഘടിപ്പിച്ച കാമ്പയിനിൽ ആയിരക്കണക്കിന് ആളുകളാണ് ഭാഗമായത്. എട്ടര കോടിയിലേറെ രൂപ പ്രവിശ്യയിലെ വിവിധ സംഘടനകളിൽ നിന്ന് ഉൾപ്പെടെ കാൻസർ സെന്ററിന് കൈമാറാനും, പ്രവാസികൾക്ക് ചികിൽസകളിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഇത് കാരണമായി.
അംഗങ്ങൾ മരണമടഞ്ഞാൽ സഹായിക്കാൻ കുടുംബ സഹായ ഫണ്ട്, അംഗങ്ങളുടെ മക്കൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ് തുടങ്ങിയ ക്ഷേമപദ്ധതികൾ നവോദയ കാലങ്ങളായി നടപ്പിലാക്കിവരികയാണ്. അഞ്ച് ഏരിയകളിലായി 22 യൂനിറ്റുകളായി 8,000 ത്തിലധികം അംഗങ്ങളുള്ള കുടുംബ വേദിയാണ് നവോദയയുടെ പ്രധാന നട്ടെല്ല്. രാഷ്ട്രീയ ചിന്തകൾക്കപ്പുറം കലാ, സംസ്കാരിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് കുടുംബ വേദിയാണ്. നാട്ടിലെ കൗമാരകാലത്ത് മറന്നുവെച്ച കലാ, കായിക കഴിവുകളെ വീട്ടമ്മാർ പുറത്തെടുക്കുന്നത് കുടുംബ വേദിയുടെ സംഘടനാ പ്രവർത്തനങ്ങളിലുടെയാണ്. വെളിച്ചം പ്രതിമാസ പരിപാടി ഇടത് സഹയാത്രികരുടെ പുസ്തക പരിചയപ്പെടുത്തൽ വേദിയാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല ഏറെ പേരുടെ വായനയെ പരിപോഷിപ്പിക്കുന്നു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടക്കം ഇന്ന് (വ്യാഴം) നടക്കുന്ന പ്രവാസ സംഗമത്തിൽ പ്രശസ്ത കവിയും, ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായ പി.എൻ ഗോപീകൃഷ്ണൻ നിർവ്വഹിക്കും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ പങ്കെടുക്കും. പ്രവിശ്യയിലെ മുഴുവൻ സംഘടനകളേയും, സാംസ്കാരിക, ജീവകാരുണ്യ മാധ്യമ വിദ്യാഭ്യാസ പ്രവർത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾക്കാണ് സിൽവർ ജൂബിലിയോടനുബന്ധിച്ച് നവോദയ ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴയും, ജനറൽ സെക്രട്ടറി രഞജിത് വടകരയും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

