വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ നവയുഗം ആദരിക്കും
text_fieldsനവയുഗം ആദരിക്കുന്നവർ: സൗമ്യ വിനോദ്, ബോബൻ തോമസ്, ജലീൽ കല്ലമ്പലം, വെങ്കിടേഷ്
ദമ്മാം: നവയുഗം സാംസ്കാരികവേദി ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ‘നവയുഗസന്ധ്യ-2024’ൽ സൗദി കിഴക്കൻ പ്രവിശ്യയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ജലീൽ കല്ലമ്പലം (സാമൂഹിക സേവനം), കെ. വെങ്കിടേശൻ (ജീവകാരുണ്യം) എന്നിവരെയും കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനെയുമാണ് ആദരിക്കുന്നത്.
17 വർഷമായി ദമ്മാമിൽ ദേവിക കലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന നർത്തകിയാണ് സൗമ്യ വിനോദ്. സൗദി, ഇന്ത്യ, അമേരിക്ക, ബഹ്റൈൻ എന്നിവിടങ്ങളിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ബോബ്സ്കോയുടെ ചെയർമാനും മാനേജിങ് ഡറക്ടറുമാണ് ബോബൻ തോമസ്. 30 വർഷമായി അൽ അഹ്സ കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകനാണ് ജലീൽ കല്ലമ്പലം. പ്രവാസലോകത്തെ കായിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൂട്ടായ്മയാണ് കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കാസ്ക്).
തമിഴ്നാട് നാഗപട്ടണം സ്വദേശിയായ കെ. വെങ്കിടേശൻ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രശസ്തനായ ജീവകാരുണ്യ പ്രവർത്തകനാണ്. 32 വർഷത്തിലധികമായി സൗദിയിൽ അദ്ദേഹം പ്രവാസിയാണ്.
‘നവയുഗസന്ധ്യ-2024’ ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ബിനോയ് വിശ്വവും സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരിയും ചേർന്ന് ഇവർക്ക് ആദരവ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

