പ്രകൃതി സംരക്ഷണം : വൻ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: പ്രകൃതി സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനും സൗദി ഗ്രീൻ, മിഡിലീസ്റ്റ് ഗ്രീൻ എന്നീ സംരംഭങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. രണ്ടു സംരംഭങ്ങളും ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ രാജ്യത്തിെൻറയും മേഖലയുടെയും ദിശ നിർണയിക്കുന്നതാവും. ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാര്യമായ സംഭാവന നൽകുകയും ചെയ്യും. പ്രധാന ആഗോള എണ്ണ ഉൽപാദന രാജ്യമെന്ന നിലയിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സൗദി അറേബ്യക്കുള്ള ഉത്തരവാദിത്തം നന്നായറിയാം. എണ്ണ, വാതക, ഉൗർജ വിപണികളെ സുസ്ഥിരമാക്കുന്നതിൽ രാജ്യം പ്രധാന പങ്കുവഹിക്കുന്നതുപോലെ ഹരിതയുഗത്തിലേക്ക് ഭാവിയെ നയിക്കാൻ പ്രവർത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
കാർബൺ ബഹിർഗമനം കുറക്കാൻ പ്രവർത്തിക്കും. മരുഭൂമീകരണം പോലുള്ള പാരിസ്ഥിതിക വെല്ലുവിളികൾ രാജ്യവും മേഖലയും നേരിടുന്നുണ്ട്. ഇത് മേഖലക്ക് സാമ്പത്തിക ഭീഷണിയുണ്ടാക്കുന്നു. വാതകങ്ങളിൽനിന്നുള്ള വായുമലിനീകരണം പൗരന്മാരുടെ ശരാശരി ആയുസ്സ് ഒന്നര വയസ്സ് കുറക്കുന്നതായി കണക്കാക്കപ്പെടുന്നു. സൗദി ഗ്രീൻ സംരംഭത്തിലൂടെ സസ്യസംരക്ഷണം വർധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറക്കാനും ഭൂമിയുടെ നാശത്തെ ചെറുക്കാനും സമുദ്രജീവികളെ സംരക്ഷിക്കാനും പ്രവർത്തിക്കും. വിവിധ പദ്ധതികളുൾപ്പെടുന്നതാണ് ഇരു സംരംഭങ്ങളും. വരുംദശകങ്ങളിൽ സൗദി അറേബ്യയിൽ 10 ബില്യൺ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഏകദേശം 40 ദശലക്ഷം ഹെക്ടർ തരിശുഭൂമി പുനരുജ്ജീവിപ്പിക്കുന്നതിനു തുല്യമാണിത്. ഇതോടെ വൃക്ഷങ്ങളാൽ മൂടപ്പെട്ട സ്ഥലങ്ങളുടെ വിസ്തൃതി 12 മടങ്ങ് വർധിക്കും. കൂടാതെ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി 30 ശതമാനത്തിലധികം വർധിപ്പിക്കാനും സാധിക്കും. നിലവിൽ ആറുലക്ഷം ചതുരശ്ര കിലോമീറ്റർ എന്നാണ് കണക്കാക്കുന്നത്. ഒാരോ രാജ്യത്തിെൻറ 17 ശതമാനം പ്രദേശം സംരക്ഷിക്കുകയെന്ന നിലവിലെ ആഗോള ലക്ഷ്യം കൈവരിക്കാനാകും. നടപ്പാക്കാൻ പോകുന്ന പുനരുപയോഗ ഉൗർജ പദ്ധതികളിലൂടെയും ശുദ്ധമായ ഹൈഡ്രോകാർബൺ സാേങ്കതിക മേഖലയിലെ പദ്ധതികളിലൂടെയും ആഗോളതലത്തിൽ കാർബൺ ബഹിർഗമനം കുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ഗ്രീൻ മിഡിലീസ്റ്റ് സംരംഭം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുക. മിഡിലീസ്റ്റ് രാജ്യങ്ങളിലായി 40 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിക്കും. മൊത്തം 50 ബില്യൺ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മരം നടൽ പദ്ധതിയായിരിക്കും ഇതെന്നും കിരീടാവകാശി പറഞ്ഞു. മരം നടൽ പദ്ധതിയിലൂടെ 200 ദശലക്ഷം ഹെക്ടർ തരിശായ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കാനാവും. ആഗോള കാർബൺ നിരക്കിെൻറ 2.5 ശതമാനം കുറവ് കൈവരിക്കാനാകും. പശ്ചിമേഷ്യയിൽ ശുദ്ധമായ ഉൗർജ ഉൽപാദനത്തിെൻറ വിഹിതം ഏഴു ശതമാനം കവിയുന്നില്ല. മേഖലയിലെ എണ്ണ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന സാേങ്കതിക വിദ്യകൾ കാര്യക്ഷമമല്ല. സൗദി അറേബ്യ മറ്റു രാജ്യങ്ങളുമായി അറിവുകൾ കൈമാറിയും അനുഭവങ്ങൾ പങ്കുവെച്ചും പ്രവർത്തിക്കും. ഇത് മേഖലയിൽ എണ്ണ ഉൽപാദനത്തിെൻറ ഫലമായുണ്ടാകുന്ന കാർബൺ ബഹിർഗമനം 60 ശതമാനത്തിലധികം കുറക്കാൻ സഹായിക്കും. സംയുക്ത പരിശ്രമങ്ങളിലൂടെ ആഗോള സംഭാവനകളുടെ 10 ശതമാനത്തിലധികം കാർബൺ പുറന്തള്ളൽ കുറക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഇരു സംരംഭങ്ങളിലൂടെയും സസ്യസംരക്ഷണ അനുപാതം വർധിപ്പിക്കാനാകും. ഉയർന്ന താപനില പോലുള്ള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയെന്നത് രാജ്യത്തിെൻറ അഭിലാഷത്തിെൻറയും വിഷൻ 2030െൻറയും ഭാഗമാണെന്നും കിരീടാവകാശി വിശദീകരിച്ചു.
ഉയർന്ന താപനില, കുറഞ്ഞ മഴ, ഉയർന്ന പൊടിപടലങ്ങൾ, മരുഭൂമീകരണം, പൊതുജനാരോഗ്യ സരക്ഷണം, പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം ഉയർത്തുക തുടങ്ങിയവയാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു. തുടക്കം മാത്രമാണിത്. രാജ്യവും മേഖലയും ലോകവും വലിയ തോതിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുന്നേറേണ്ടതുണ്ടെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

