പ്രകൃതിയുടെ അത്ഭുതലോകം: ജിസാനിലെ വാദി റസാൻ
text_fieldsജിസാൻ: സൗദിയിലെ ജിസാൻ മേഖലയുടെ പ്രകൃതി രമണീയതയുടെ കിരീടത്തിലെ തിളങ്ങുന്ന രത്നമാണ് ഹറൂബ് ഗവർണറേറ്റിലെ വാദി റസാൻ. പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാര വികസനവും സന്തുലിതമായി സംയോജിപ്പിക്കുന്നതിൽ ഈ താഴ്വര ഒരു ആഗോള മാതൃകയായി മാറുകയാണ്.
ഇതോടെ ജിസാൻ മേഖല രാജ്യത്തെ ഒരു പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. ജിസാൻ നഗരത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വാദി റസാൻ, വർഷം മുഴുവനും അനുഭവപ്പെടുന്ന മിതമായ കാലാവസ്ഥയാൽ ശ്രദ്ധേയമാണ്. ശാന്തതയും പ്രകൃതി സൗന്ദര്യവും തേടുന്നവർക്ക് ഇത് ഒരു അനുയോജ്യമായ സങ്കേതമാണ് ഈ പ്രദേശം.
ഈ താഴ്വരയുടെ മലനിരകൾ നിബിഡവനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അതിൽ നിന്ന് ചൂടുനീരുറവകൾ നിരന്തരം ഒഴുകിയെത്തുന്നു. ഈ അപൂർവ സംയോജനമാണ് ഇവിടെ മനോഹരവും അത്യപൂർവവുമായ ഒരു പ്രകൃതിദൃശ്യം സൃഷ്ടിക്കുന്നത്. വാദി റസാൻ ഉൾപ്പെടെയുള്ള ജിസാനിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇപ്പോൾ സ്വദേശത്തുനിന്നും വിദേശത്തുനിന്നും സന്ദർശകരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. പരിസ്ഥിതി ടൂറിസത്തോടുള്ള വർധിച്ചുവരുന്ന താൽപ്പര്യമാണ് ഇതിന് കാരണം.
സന്ദർശകർ ഇവിടത്തെ മനോഹരമായ കാഴ്ചകളും, വർഷം മുഴുവനും നിലനിൽക്കുന്ന ഊഷ്മളമായ കാലാവസ്ഥയും ആസ്വദിക്കാനായാണ് എത്തുന്നത്. കാട്ടുപ്രകൃതിക്കപ്പുറം, വാദി റസാനിന് പ്രത്യേകമായ ഒരു അനുഭവം സമ്മാനിക്കുന്നത് ഇവിടത്തെ കൃഷിയിടങ്ങളാണ്. ചിതറിക്കിടക്കുന്ന കൃഷിയിടങ്ങളിൽ വാഴപ്പഴം, ചോളത്തിന്റെ വെള്ള, ചുവപ്പ് ഇനങ്ങൾ, തിന, സുഗന്ധ സസ്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നു.
സമൃദ്ധമായ മഴയും ഫലഭൂയിഷ്ഠമായ മണ്ണും ഈ താഴ്വരയുടെ ജൈവവൈവിധ്യവും വിഭവങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വാദി റസാൻ കായിക വിനോദങ്ങൾക്കും വിനോദ പരിപാടികൾക്കുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കുന്നു. സാഹസിക പ്രിയർക്കും ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്കും ഇത് ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

