ഗുരുതര രോഗം ബാധിച്ച കൊൽക്കത്ത സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsകേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ ആപ്പിൾഖാന് യാത്രാടിക്കറ്റ് കൈമാറുന്നു
റിയാദ്: ഗുരുതര രോഗബാധിതനായ കൊൽക്കത്ത സ്വദേശി ആപ്പിൾ ഖാനെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു.
നാലുവർഷം മുമ്പ് റിയാദിൽ ജോലിക്കെത്തിയ ആപ്പിൾഖാൻ സ്പോൺസറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അവിടെനിന്ന് മാറി അൽഖർജിലെത്തി ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടയിൽ ഇദ്ദേഹത്തിന് ഗുരുതരമായ ഉദരരോഗം പിടിപെടുകയും അൽഖർജിലുള്ള കിങ് ഖാലിദ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.
ശസ്ത്രക്രിയയെ തുടർന്നുള്ള ആശുപത്രി ചികിത്സയുടെ സാമ്പത്തിക ഭാരം താങ്ങാൻ കഴിയാതെ ആശുപത്രിയിൽനിന്ന് തിരിച്ചുവന്ന് സുഹൃത്തിന്റെ കൂടെ താമസിച്ചുവരുകയായിരിന്നു. എന്നാൽ, ഓപറേഷൻ ചെയ്ത ഭാഗം അണുബാധ മൂലം വ്രണമായി ആരോഗ്യസ്ഥിതി കൂടുതൽ വഷളായി.
തുടർന്ന് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തോട് അദ്ദേഹം സഹായം തേടി. അൽദോസരി ക്ലിനിക്കിലെ ഡോ. അബ്ദുൽ നാസർ ആപ്പിൾഖാന് ആവശ്യമായ ചികിത്സ നൽകി. ഇന്ത്യൻ എംബസി മുഖാന്തരം നാട്ടിലേക്കുള്ള യാത്രാരേഖകൾ ശരിയാക്കുകയും ചെയ്തു. വിമാന ടിക്കറ്റ് കേളി അൽഖർജ് ഏരിയ കമ്മിറ്റി നൽകി. കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചു.