പക്ഷാഘാതം ബാധിച്ച കന്യാകുമാരി സ്വദേശിയെ നാട്ടിൽ കൊണ്ടുപോയി
text_fieldsദമ്മാം: പക്ഷാഘാതം ബാധിച്ചു അത്യാസന്ന നിലയിലായിരുന്ന കന്യാകുമാരി സ്വദേശി ബാലചന്ദ്രനെ (35) നാട്ടിലെത്തിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോയി. നാല് വർഷമായി ഖത്വീഫിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു ബാലചന്ദ്രൻ. കഴിഞ്ഞ ജനുവരിയിൽ പെട്ടെന്നു കുഴഞ്ഞുവീണതിനെ തുടർന്ന് തൊട്ടടുത്തുള്ള സഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പക്ഷാഘാതവും തലച്ചോറിലെ സ്രാവവും ഉണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അബോധാവസ്ഥയിലായ ബാലചന്ദ്രനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അദ്ദേഹം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തുടർന്നുള്ള അഞ്ചുമാസം പ്രത്യേക പരിചരണ മുറിയിൽ ആശുപത്രിയിൽ തന്നെ കഴിഞ്ഞെങ്കിലും പൂർണമായി സുഖം പ്രാപിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ബന്ധപ്പെടുകയും അവരുടെ ആവശ്യപ്രകാരം സോഷ്യൽ ഫോറം ഖത്വീഫ് ബ്ലോക്ക് ഘടകം വിഷയത്തിൽ ഇടപെടുകയും ചെയ്തു.
ആശുപത്രിയിൽ എത്തി നിരന്തരം ഡോക്ടർമാരെ കാണുകയും രോഗിക്ക് ആവശ്യമായ സൗകര്യങ്ങൾ സോഷ്യൽ ഫോറം ചെയ്തുകൊടുക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരുവശം ഇനിയും ശരിയായ രീതിയിൽ പ്രവർത്തനക്ഷമം ആകാത്തതിനാൽ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരണം എന്ന കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ആശുപത്രി അധികൃതരുമായി സംസാരിച്ചു അവരുടെ അനുവാദത്തോടെ യാത്രാരേഖകൾ ശരിയാക്കി.
ഇന്ത്യൻ സോഷ്യൽ ഫോറം കമ്യൂണിറ്റി വെൽഫെയർ ഖത്വീഫ് ഇൻചാർജ് ഷാജഹാൻ കൊടുങ്ങല്ലൂർ ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഇടപെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന് പെട്ടെന്ന് തന്നെ നാട്ടിലേക്ക് പോകാൻ കഴിഞ്ഞത്.
വീൽചെയർ സൗകര്യത്തിൽ ബാലചന്ദ്രൻ തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബന്ധുവിനോടൊപ്പം നാട്ടിലേക്കു യാത്ര തിരിച്ചു.