ദേശീയ ഡിജിറ്റൽ പരിവർത്തന പദ്ധതി, ആഗോള സൈബർ സുരക്ഷ: ഇത്തവണയും ഒന്നാമത്
text_fieldsയാംബു: ആഗോള സൈബർ സുരക്ഷാ റാങ്കിങ്ങിൽ 2025ലും സൗദി ഒന്നാം സ്ഥാനം നിലനിർത്തി. ഐക്യരാഷ്ട്ര സഭയുടെ ‘ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് വേൾഡ് കോംപറ്റിറ്റീവ്നെസ്’ ഇയർ ബുക്കിലാണ് ആഗോള സൈബർ സുരക്ഷയിൽ സൗദിയെ ഈ വർഷവും ഒന്നാം സ്ഥാനത്തിന് തെരഞ്ഞെടുത്തത്. സൈബർ സുരക്ഷയിൽ രാജ്യത്തിെൻറ നേട്ടം വിലയിരുത്തിയാണ് അന്താരാഷ്ട്ര റാങ്കിങ് മികവ് പരിഗണിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സൈബർ സുരക്ഷാ റാങ്കിങ്ങിൽ കഴിഞ്ഞ വർഷവും സൗദി തന്നെയായിരുന്നു ഒന്നാമത്. ദേശീയ ഡിജിറ്റൽ പരിവർത്തന പദ്ധതികളാണ് അന്താരാഷ്ട്ര നിലവാരത്തിൽ രാജ്യത്തെ മുൻപന്തിയിലെത്തിച്ചത്. യു.എൻ സ്പെഷ്യലിസ്റ്റ് ഏജൻസി സൗദിയെ ‘ടയർ വൺ റോൾ മോഡലിങ്’ രാഷ്ട്രമായി വിശേഷിപ്പിച്ചത് ആഗോളതലത്തിൽ രാജ്യത്തിന്റെ നേട്ടമായി.
ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണയോടെ നടപ്പാക്കിയ ദേശീയ ഡിജിറ്റൽ പരിവർത്തന പദ്ധതിയാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഉന്നതിയിലെത്തിച്ചത്. ദേശീയസുരക്ഷയെ ദീർഘകാല പദ്ധതിയാക്കിക്കിയതും നേട്ടമായി. സൈബർ സുരക്ഷാകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയും (എൻ.സി.എ) അതിെൻറ കീഴിലുള്ള സൗദി ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുടെയും പ്രവർത്തനങ്ങളും മികവിന് കാരണമായി. ദേശീയ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പ്രധാന സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കുന്നതിനും ആഭ്യന്തര- അന്തർദേശീയ സഹകരണം വികസിപ്പിക്കുന്നതിനും ഈ സ്ഥാപനങ്ങൾ സംയുക്ത പ്രവർത്തനം നടത്തിയിരുന്നു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആസ്ഥാനമായ എൻ.സി.എയുടെ സേവനങ്ങളും ലക്ഷ്യത്തിലെത്തി. സർക്കാർ സേവനങ്ങൾ ഫലപ്രദമായി നൽകുന്നതോടൊപ്പം രാജ്യത്തിന്റെ ഡിജിറ്റൽ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യവും നേട്ടമായി. സാമ്പത്തിക വളർച്ചയെയും ആഗോള സഹകരണത്തെയും പിന്തുണക്കുന്ന സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള ബഹുമുഖ പദ്ധതികളുടെ മികവും നേട്ടത്തിന് വഴിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

