മുസ്ലിം നവോത്ഥാനത്തിന് ചാലകം സാമുദായിക ഐക്യം -നാസർ ഫൈസി കൂടത്തായി
text_fieldsതുഖ്ബ കെ.എം.സി.സി ‘ഫാമിലി ജോഡോ’ പരിപാടി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യുന്നു
അൽഖോബാർ: വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും കൃത്യമായ ദിശാബോധം നൽകി സമസ്തയും മതസംഘടനകളുടെ എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തി രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവർത്തിച്ചതാണ് കേരള മുസ്ലിംകളുടെ മതരാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക നവോത്ഥാനത്തിന് ചാലകമായി വർത്തിച്ചതെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.
തുഖ്ബ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റഫ മെഡിക്കൽ സെൻററുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഫാമിലി ജോഡോ’ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ മൂന്ന് അടുപ്പുകല്ലുകളാണ് മുസ്ലിം ലീഗും സമസ്തയും പാണക്കാട് കുടുംബവും. അത് മൂന്നും ഒന്നിച്ചു നിൽക്കേണ്ടതാണ്. ഏതെങ്കിലും ഒന്നിന് ക്ഷതമേൽക്കുന്നത് സമുദായത്തിന്റെ ശൈഥില്യത്തിന് കാരണമാവും.
മുസ്ലിം സംഘടനകൾ ആദർശപരമായ നിലപാടുകളും അഭിപ്രായ വ്യത്യാസങ്ങളും വേദികളിൽ പ്രകടിപ്പിക്കുമ്പോഴും പൊതുവിഷയങ്ങളിൽ അവർ ഒന്നിച്ചിരുന്ന് അവകാശങ്ങൾ സംരക്ഷിക്കാനും പൊതുശത്രുവിനെതിരെ ശബ്ദിക്കാനുമുള്ള വേദി മുസ്ലിം ലീഗും പ്രവാസലോകത്ത് കെ.എം.സി.സിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തെ ചെറുക്കാനും ജനാധിപത്യത്തിൽ പങ്കാളികളാകാനും കമ്യൂണിസ്റ്റ് പാർട്ടികളുമായി മുന്നണി ധാരണ ഉണ്ടാക്കുന്നതിനെ ഉയർത്തിക്കാട്ടി നിരീശ്വരത്തെയും മതനിരാസത്തെയും ഒളിച്ചുകടത്തുന്ന കമ്യൂണിസത്തെ സാമാന്യവത്കരിക്കുന്നത് ശരിയല്ല.
ഇത്തരം കാര്യങ്ങൾ വിഷയാധിഷ്ഠിതമായി തിരിച്ചറിഞ്ഞ് നിലപാടുകൾ സ്വീകരിക്കാൻ സമുദായവും നേതൃത്വവും കാര്യശേഷിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം.എ. ഗഫൂർ ‘ലഹരി നുകരുന്ന യുവത്വം: ചതിക്കുഴികളും പരിഹാരമാർഗവും’ വിഷയത്തിൽ പ്രഭാഷണം നടത്തി.തുഖ്ബ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് യു.കെ. ഉമർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
ആദ്യ സെഷനിൽ സുഹൈൽ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ ആക്ടിങ് പ്രസിഡൻറ് അമീറലി കൊയിലാണ്ടി, ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പ്രവിശ്യയിലെ കെ.എം.സി.സി പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സൈഫുദ്ദീൻ മുക്കം സ്വാഗതവും ട്രഷറർ ആഷിക് ചോക്കാട് നന്ദിയും പറഞ്ഞു.
രണ്ടാം സെഷനിൽ ഡോ. ഫസീല ഫൈസൽ (റഫ മെഡിക്കൽ സെൻറർ), ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹനാസ് ഫരീദ് എന്നിവർ സംസാരിച്ചു. വനിത വിഭാഗം പ്രസിഡൻറ് സുമയ്യ ഫസൽ സ്വാഗതവും ജനറൽ സെക്രട്ടറി ജമാൽ മീനങ്ങാടി നന്ദിയും പറഞ്ഞു. മജീദ് കൊടുവള്ളി, റഷീദ് കാക്കൂർ, പൂക്കോയ തങ്ങൾ, ഫൈസൽ നരിക്കുനി, അഷ്റഫ് ക്ലാരി, കബീർ അത്തോളി, ഇല്യാസ് ശിവപുരം, സക്കീർ കാരശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

