നന്മോത്സവം 2026’ ഇന്ന് റിയാദിൽ; വിവിധ ‘നന്മ’ പുരസ്കാരങ്ങൾ വിതരണം ചെയ്യും
text_fieldsനന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഭാരവാഹികളും സോഷ്യൽ മീഡിയ അനലിസ്റ്റ് ഡോ. അനിൽ മുഹമ്മദും വാർത്താസമ്മേളനത്തിൽ
റിയാദ്: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാർഷികാഘോഷമായ ‘നന്മോത്സവം 2026’ ഇന്ന് (ഫെബ്രു. ആറ്, വെള്ളി) റിയാദിൽ നടക്കും. ഷോല മാളിലെ അൽവഫ അട്രിയത്തിൽ വെച്ച് നടക്കുന്ന ആഘോഷപരിപാടികളിൽ പ്രമുഖ സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.
ചടങ്ങിൽ വെച്ച് ഈ വർഷത്തെ നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി സംരംഭകയും റിയാദ് കെ.എം.സി.സി വനിതാ വിങ് പ്രസിഡൻറുമായ റഹ്‌മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിന് നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം സമ്മാനിക്കും. കോവിഡ് കാലഘട്ടത്തിലും തുടർന്നും അവർ നടത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ ആദരവ്. മുൻ വർഷങ്ങളിൽ അഷ്‌റഫ് താമരശ്ശേരി, സിദ്ധീഖ് തുവ്വൂർ എന്നിവർക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചിരുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകർക്കായി പുതുതായി ഏർപ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കൺ പുരസ്കാരം മുനീർ കണ്ണങ്കരക്ക് സമ്മാനിക്കും. ബിസിനസ്സ് രംഗത്തെ മികവിനൊപ്പം കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയും പരിഗണിച്ചാണ് അവാർഡ്.
നാട്ടിൽ നിന്നും എത്തിയ ഗായികമാരുടെ സംഗീതവിരുന്ന് നന്മോത്സവത്തിെൻറ പ്രധാന ആകർഷണമായിരിക്കും. പട്ടുറുമാൽ സീസൺ 12 വിജയിയും ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിസ്റ്റുമായ അസ്നാ നിസാം, ശിവഗിരി മഹാസമ്മേളനത്തിൽ ദൈവദശകം ആലപിച്ച് ശ്രദ്ധേയയായ ഗായിക അഷ്ഫിയ അൻവർ, സ്കൂൾ കലോത്സവ പ്രതിഭയായ അസിൻ വെള്ളില എന്നിവർ പരിപാടികൾക്ക് മിഴിവേകും.
കരുനാഗപ്പള്ളി സ്വദേശികളായ കലാകാരികൾ അണിനിരക്കുന്ന ഈ ആഘോഷരാവ് പ്രവാസി സമൂഹത്തിന് വേറിട്ടൊരു അനുഭവമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷികാഘോഷത്തിെൻറ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ ഡോ. അനിൽ മുഹമ്മദ്, ഗായികമാരായ അഷ്ഫിയ അൻവർ, അസ്നാ നിസാം, പുരസ്കാര ജേതാവ് മുനീർ കണ്ണങ്കര, സംഘാടകരായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം. കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

