അറഫയിലെ നമിറ പള്ളിമുറ്റ ഹരിതവത്കരണം; തണലും തണുപ്പും നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കി
text_fieldsഅറഫയിലെ നമിറ പള്ളിമുറ്റ ഹരിതവത്കരണം പൂർത്തിയായപ്പോൾ
മക്ക: ഹജ്ജിലെ സുപ്രധാന കർമമായ അറഫ സംഗമത്തിന് വേദിയാകുന്ന അറഫ മൈതാനത്തെ നമിറ പള്ളിക്ക് ചുറ്റുമുള്ള മുറ്റങ്ങളിൽ ഹരിതവത്കരണം പൂർത്തിയായി. തണലും തണുപ്പും നൽകുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കിയത്. പുണ്യസ്ഥലങ്ങളുടെ മാസ്റ്റർ ഡെവലപ്പറും മക്ക-മശാഇർ റോയൽ കമീഷൻ എക്സിക്യൂട്ടീവ് വിങ്ങുമായ കിദാന ഡെവലപ്മെൻറ് കമ്പനി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. 85,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരുന്നു പദ്ധതി പൂർത്തിയാക്കിയത്. കിഴക്കൻ മുറ്റങ്ങളിൽ 2000 മരങ്ങൾ, ജല-വൈദ്യുത ശൃംഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ, 320 തണൽ കുടകൾ, 350 മിസ്റ്റിങ് ഫാനുകൾ എന്നിവയാണ് പദ്ധതിയിൽ പൂർത്തിയാക്കിയത്.
മിനയിലെ ടോയ്ലറ്റ് സംവിധാനം വികസിപ്പിച്ചപ്പോൾ
അന്തരീക്ഷത്തിൽ വെള്ളം പമ്പ് ചെയ്ത് മിതമായ കാലാവസ്ഥയൊരുക്കാനുള്ള മിസ്റ്റിങ് ഫാനുകൾ ഈ വർഷത്തെ ഹജ്ജ് സീസണിൽ ഉപയോഗിക്കും. അറഫയിലെത്തുന്ന ഹാജിമാർക്ക് ചൂടിൽനിന്ന് സംരക്ഷണമൊരുക്കാനും തണലും തണുപ്പും നൽകാനുമാണ് ഹരിതവത്കരണ പദ്ധതി നടപ്പാക്കിയത്.മിനയിലെ ടോയ്ലറ്റ് സംവിധാനം വികസിപ്പിക്കുന്ന ആദ്യ ഘട്ടം പൂർത്തിയായി. 2116 ടോയ്ലറ്റുകൾ മാറ്റി 5600 ടോയ്ലറ്റുകൾ ഉൾക്കൊള്ളുന്ന 61 ആധുനിക ഇരുനില സമുച്ചയങ്ങൾ നിർമിച്ചതായും കമ്പനി സൂചിപ്പിച്ചു.
സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തീർഥാടകർക്ക് കൂടുതൽ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണിത്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവുമായി ചേർന്ന് ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഗ്രീൻ സൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2,90,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 20,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തിയും പൂർത്തിയാക്കിയതായും കമ്പനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.