നജ്റാൻ കാർഷിക വിപ്ലവത്തിലേക്ക്; ചുവന്ന പേരക്ക കൃഷിയിൽ വൻ മുന്നേറ്റം
text_fieldsനജ്റാനിൽ വിളയുന്ന ചുവന്ന പേരക്ക
നജ്റാൻ: തെക്കുഭാഗത്തെ നജ്റാൻ പ്രവിശ്യ സൗദിയിലെ പ്രമുഖ കാർഷിക ഉൽപാദന കേന്ദ്രമായി മാറുന്നു. മേഖലയിലെ ഫലഭൂയിഷ്ഠമായ മണ്ണും അനുകൂലമായ കാലാവസ്ഥയും പ്രയോജനപ്പെടുത്തിക്കൊണ്ട് കൃഷിയിൽ വലിയ വിപുലീകരണമാണ് ഇപ്പോൾ നടക്കുന്നത്. ചുവന്ന പേരക്ക കൃഷിയാണ് വരും വർഷങ്ങളിൽ മേഖലക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രധാന വിളയായി ഉയർന്നു വരുന്നത്. നിലവിൽ നജ്റാനിലുടനീളമായി ഏകദേശം 7,000 ചുവന്ന പേര മരങ്ങൾ കായ്ച്ചു നിൽക്കുന്നുണ്ട്. കർഷകർക്കിടയിൽ ചുവന്ന പേരക്കക്ക് ലഭിക്കുന്ന സാമ്പത്തിക മൂല്യമാണ് ഈ കാർഷിക മുന്നേറ്റത്തിന് പിന്നിൽ. ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലൂടെ മേഖലയിലെ കാർഷിക ഭൂപടത്തിൽ നജ്റാൻ തനതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
കാർഷിക മേഖലയിൽ നജ്റാൻ കൈവരിച്ച ഈ ഗുണപരമായ മാറ്റം ഭരണകൂടത്തിെൻറ വലിയ പിന്തുണയുടെ ഫലമാണെന്ന് സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിെൻറ നജ്റാൻ ശാഖാ ഡയറക്ടർ ജനറൽ എൻജി. മരിഹ് ബിൻ ഷാരെ അൽ ഷഹ്റാനി വ്യക്തമാക്കി. മികച്ച ഗുണനിലവാരത്തോടൊപ്പം ഉയർന്ന പോഷകമൂല്യവുമുള്ള ചുവന്ന പേരക്ക, മേഖലയുടെ കാർഷിക ഉൽപാദനത്തിലെ ഒരു സുപ്രധാന ഘടകമായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം പ്രാദേശിക യുവാക്കൾക്ക് പുതിയ നിക്ഷേപ-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതും ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇതിനായി കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും മാർഗനിർദ്ദേശങ്ങളും മന്ത്രാലയം നേരിട്ട് നൽകി വരുന്നുണ്ട്. ആധുനിക കൃഷിരീതികൾ അവലംബിച്ചുകൊണ്ട് സുസ്ഥിരവും വൈവിധ്യവത്കരിക്കപ്പെട്ടതുമായ ഒരു കാർഷിക പൈതൃകം കെട്ടിപ്പടുക്കാനുള്ള പ്രയാണത്തിലാണ് നജ്റാൻ പ്രവിശ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

