നജ്റാൻ ‘തമിഴ് മന്ത്രം’ പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനജ്റാൻ തമിഴ് മന്ത്രം സംഘടിപ്പിച്ച ആരോഗ്യ അവബോധ ക്യാമ്പിന്റെ സംഘാടകർ
നജ്റാൻ: ഇന്ത്യൻ പ്രവാസികൾക്ക് ആരോഗ്യ ബോധവത്കരണവും പ്രഥമ ശുശ്രൂഷയിലെ പ്രാഥമിക അറിവുകളും നൽകുക എന്ന ലക്ഷ്യത്തോടെ ‘നജ്റാൻ തമിഴ് മന്ത്രം’ സംഘടിപ്പിച്ച ആരോഗ്യ അവബോധ ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. ഇന്ത്യൻ ഡോക്റ്റേഴ്സ് മെഡിക്കൽ ഫോറം (ഐ.ഡി.എം.എഫ്), അൽ ഗാദ് അപ്ലൈഡ് മെഡിക്കൽ സയൻസ് കോളജ് എന്നിവയുമായി സഹകരിച്ച് ‘ഫസ്റ്റ് 8’ എന്ന ശീർഷകത്തിലാണ് പരിപാടി ഒരുക്കിയത്.
സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് പ്രഥമശുശ്രൂഷാ പരിശീലനം നൽകിയ ക്യാമ്പ്, സൗദി തമിഴ് സംഘം ഫെഡറേഷൻ പ്രസിഡൻറ് ഖാജാ മുഹ്യുദ്ദീൻ മീരാൻ ഉദ്ഘാടനം ചെയ്തു. അടിയന്തരഘട്ടങ്ങളിൽ വളരെ വേഗത്തിൽ സമയബന്ധിതമായി ഇടപെട്ട് എങ്ങനെ ജീവൻ രക്ഷിക്കാമെന്ന പ്രായോഗിക പരിശീലനം പങ്കെടുത്തവർക്ക് നവ്യാനുഭവമായി മാറി.
പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ഇസ്ഹാർ അഹമ്മദ് അൻസാരി, ഡോ. അബ്ദുൽ റഊഫ് മുഹമ്മദ് എന്നിവർ പഠന പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. സി.പി.ആർ പരിശീലനം, ഗുരുതരമായ രക്തസ്രാവം നിയന്ത്രിക്കാനുള്ള പരിഹാര രീതികൾ, 997 ഹോട്ട്ലൈൻ വഴി അടിയന്തര സേവനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്തേണ്ട രീതി എന്നിവയിലാണ് പ്രധാനമായും പ്രായോഗിക പരിശീലനം നൽകിയത്.
ഡോ. ജോയ്സ് എലീന റാണി ഏകോപനം നിർവഹിച്ച ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ അളഗേശ്വരി കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

