അഷ്‌റഫ് ആഡൂർ സ്മാരക കഥാപുരസ്കാരം നജിം കൊച്ചുകലുങ്കിന്
text_fieldsറിയാദ്: കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അഷ്‌റഫ് ആഡൂരിന്റെ സ്മരണക്കായി 'അഷ്‌റഫ് ആഡൂർ സൗഹൃദ കൂട്ടായ്മ' ഏർപ്പെടുത്തിയ രണ്ടാമത് കഥാപുരസ്കാരത്തിന് 'ഗൾഫ് മാധ്യമം' സൗദി ന്യൂസ് ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക് അർഹനായി. അദ്ദേഹത്തിന്റെ 'കാട്' എന്ന കഥക്കാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 288 എൻട്രികളിൽ നിന്ന് വി.എസ് അനിൽകുമാർ, ടി.പി വേണുഗോപാലൻ, കെ.കെ രേഖ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. അവാർഡ് ദാന ചടങ്ങ് പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൊല്ലം ജില്ലയിൽ കൊച്ചുകലുങ്ക് സ്വദേശിയാണ് നജിം. ചരിത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1996 മുതൽ പത്രപവർത്തന രംഗത്തുണ്ട്. 2001 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായ അദ്ദേഹം വർഷങ്ങളായി 'ഗൾഫ് മാധ്യമം' റിപ്പോർട്ടറാണ്. പ്രവാസ പത്രപ്രവർത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം 'കനൽ മനുഷ്യർ' എന്ന പേരിൽ പുസ്തകമായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു.
മാധ്യമപ്രവർത്തനത്തിനും സർഗാത്മക സാഹിത്യത്തിനും നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. നന്മ സി.വി. ശ്രീരാമൻ സ്മാരക കഥാ പുരസ്‌കാരം, കെ.സി.ബി.സി മീഡിയ കമ്മീഷൻ കഥാപുരസ്‌കാരം, ഐ.സി.എഫ് കലാലയം സാഹിത്യ പുരസ്‌കാരം, ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം, ഫ്രണ്ട്സ് ക്രിയേഷന്‍സ് മീഡിയ എക്സലന്‍സ് അവാര്‍ഡ്, ദല കൊച്ചുബാവ ചെറുകഥ പുരസ്കാരം, നവയുഗം കെ.സി പിള്ള സാഹിത്യ പുരസ്കാരം, പെരുമ്പാവൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സാഹിത്യ പുരസ്കാരം, ദുബൈ കൈരളി കലാകേന്ദ്രം സാഹിത്യ സമ്മാനം, സോളിഡാരിറ്റി കഥാസമ്മാനം, പുരോഗമന കലാസാഹിത്യ സംഘം പ്രവാസി സമ്മാനം, കൂട്ടം സാഹിത്യ പുരസ്കാരം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കഥാ അവാര്‍ഡ്, ജിദ്ദ സമീക്ഷ കഥാ സമ്മാനം, കേരള നദ് വത്തുല്‍ മുജാഹിദീൻ സംസ്ഥാന സമ്മേളനം സാഹിത്യ പുരസ്കാരം, അബൂദാബി മലയാളി സമാജം കഥാപുരസ്കാരം, കവിതക്ക് കേരള കൗമുദി റീഡേഴ്സ് ക്ളബ് കൊല്ലം ജില്ല കമ്മിറ്റി സമ്മാനം, റിയാദ് കേളി അവാര്‍ഡ്, മാസ് ജീസാന്‍ സമ്മാനം, ലേഖനത്തിന് ടിപ്പു സുല്‍ത്താന്‍ സ്മാരക സമിതി സമ്മാനം, മഹാസിന്‍ മലയാളി സമാജം സമ്മാനം, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സമ്മാനം, കെ.എം.സി.സി റിയാദ് സമ്മാനം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ജാസ്മിൻ എ.എൻ ആണ് ഭാര്യ. മക്കൾ: ഫിദൽ, ഗസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

