യുവ ഗായകൻ ജാസിം ജമാലിനെ മുസിരിസ് ആദരിച്ചു
text_fieldsയുവ ഗായകൻ ജാസിം ജമാലിന് ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറം നൽകിയ സ്നേഹാദരവ്
ജിദ്ദ: ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച ‘ഹാര്‍മോണിയസ് കേരള’മെഗാ ഷോയിൽ പങ്കെടുക്കാനെത്തിയ കൊടുങ്ങല്ലൂരിലെ യുവ ഗായകൻ ജാസിം ജമാലിന് മുസ്രിസ് പ്രവാസി ഫോറം ജിദ്ദ കമ്മിറ്റി സ്നേഹാദരവ് നല്കി. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീർ മാടവന ഉപഹാരം കൈമാറി.
പ്രസിഡന്റ് അബ്ദുൽസ്സലാം എമ്മാട് അധ്യക്ഷത വഹിച്ചു. ആദ്യമായി ജിദ്ദയിലെത്തിയ തനിക്ക് ജന്മനാട്ടിലെ സംഘടന നല്കിയ ആദരവില്‍ അതിയായ സന്തോഷമുണ്ടെന്നും, പ്രവാസ ലോകത്ത് ജാതി, മത, കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പരസ്പര സഹകരണത്തിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മുന്‍തൂക്കം നല്കി മുസിരിസ് പ്രവാസി ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ജാസിം ജമാൽ മറുപടി പറഞ്ഞു.
വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് കറുകപ്പാടത്ത് അംഗങ്ങളെ പരിചയപ്പെടുത്തി. ഷിഹാബ് അയ്യാരിൽ, സഗീർ പുതിയകാവ്, അൻവർ ലാൽ, മുഹമ്മദ് ഷാരിക്, തുഷാര ഷിഹാബ്, അജ്ന അൻവർലാൽ, ഷഹന രാജു, സുനിത സക്കീർ ഹുസൈൻ, റാനിയ ഷാരിക് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സഫറുള്ള വെള്ളാങ്കല്ലൂര്‍ സ്വാഗതവും രാജു ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

