സമാധാനത്തിന് വേണ്ടി പ്രവർത്തിക്കൽ മുസ്ലിംകളുടെ ബാധ്യത -ഫിറോസ് കൊയിലാണ്ടി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടത്തിയ പരിപാടിയിൽ ഫിറോസ്
കൊയിലാണ്ടി
സംസാരിക്കുന്നു
ജിദ്ദ: സമാധാനത്തിന് വേണ്ടി പ്രവർത്തിക്കൽ ഓരോ പ്രദേശത്തുമുള്ള മുസ്ലിങ്ങളുടെയും ബാധ്യതയാണെന്ന് ഇസ്ലാഹി പ്രഭാഷകൻ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ‘ഭീകരാക്രമണം: ഇസ്ലാമിന് പറയാനുള്ളത്’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു സമൂഹത്തോട് എതിർപ്പുണ്ടെങ്കിലും അവരോട് അനീതി കാണിക്കാൻ പാടില്ലെന്നും ഒരു മനുഷ്യനെ കൊന്നാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നും ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ചതിന് തുല്യമാണെന്നും പഠിപ്പിക്കുന്ന ഖുർആന്റെ സന്ദേശത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാം മുന്നേറേണ്ടത്. താത്വികമായി എല്ലാ മതങ്ങളും അക്രമത്തിന് എതിരാണ്.
എന്നാൽ പേരിൽ തന്നെ ‘സമാധാനം’ എന്ന ആശയം ഉൾക്കൊള്ളുന്ന മതമാണ് ഇസ്ലാം. ഈ ഭീകരാക്രമണത്തിന്റെ ഇടയിലും മതത്തിന്റെ യഥാർഥ സത്ത ഉൾക്കൊണ്ട പല കശ്മീരി യുവാക്കളുടെ പ്രവൃത്തികൾ മാധ്യമങ്ങൾ വഴിയും അനുഭവസ്ഥർ വഴിയും നമുക്ക് അറിയാൻ കഴിഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന സുരക്ഷ ഉപയോഗിച്ച് നാം പോരാടുകയാണ് വേണ്ടതെന്നും ശത്രുക്കളുടെ കെണിയിൽ വീണുപോകുന്ന രീതിയിൽ വൈകാരികമായി പ്രതികരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അമീൻ പരപ്പനങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

