സിറിയയിലെ ചരിത്രപരമായ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് മുസ്ലിം വേൾഡ് ലീഗ്
text_fieldsജിദ്ദ: സിറിയൻ സർക്കാറും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്) തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ വെടിനിർത്തൽ കരാറിനെ മുസ്ലിം വേൾഡ് ലീഗ് പൂർണ മനസ്സോടെ സ്വാഗതം ചെയ്തു. വർഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾക്കും യുദ്ധക്കെടുതികൾക്കും അറുതി വരുത്തിക്കൊണ്ട് മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നിർണായക നീക്കമാണിതെന്ന് സംഘടന വിലയിരുത്തി.
നിലവിലെ സ്വയംഭരണ സ്ഥാപനങ്ങളെ സിറിയൻ ഔദ്യോഗിക ഭരണസംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള സമഗ്ര ഒത്തുതീർപ്പ് വ്യവസ്ഥകളാണ് കരാറിലുള്ളത്. യുദ്ധം തകർത്ത സിറിയൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിെൻറ അഖണ്ഡത നിലനിർത്താനും ഈ കരാർ ലക്ഷ്യമിടുന്നു. ഈ ചരിത്രപരമായ നേട്ടത്തിലേക്ക് നയിച്ച സൗദി അറേബ്യയുടെയും അമേരിക്കയുടെയും മാതൃകാപരമായ മധ്യസ്ഥ ശ്രമങ്ങളെ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസ പ്രത്യേകം അഭിനന്ദിച്ചു. ‘സമാധാന ചർച്ചകളിൽ ഇരുപക്ഷവും പ്രകടിപ്പിച്ച ക്രിയാത്മകമായ സഹകരണം സിറിയൻ ജനതയുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കും.’ -ശൈഖ് ഡോ. മുഹമ്മദ് അൽഈസ പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ പരമാധികാരവും പ്രാദേശിക ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സിറിയൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും മുസ്ലിം വേൾഡ് ലീഗിെൻറ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഈ സമാധാന നീക്കത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

