'മുസ്ലിംലീഗ് കാര്യാലയങ്ങൾ പ്രവാസി സൗഹൃദകേന്ദ്രങ്ങളാക്കും'
text_fieldsസൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി നേതൃസംഗമത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
ദമ്മാം: വിദ്യാഭ്യാസ തൊഴിൽ സേവന കേന്ദ്രങ്ങൾക്ക് ഉപരിയായി മുസ്ലിം ലീഗ് ഓഫിസുകൾ പ്രവാസി സൗഹൃദ കേന്ദ്രങ്ങളായി കൂടി പ്രവർത്തിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രവാസികളുടെ പിന്തുണയോടെ നിർമാണം പൂർത്തിയാക്കിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രമാക്കി സംസ്ഥാനത്തുടനീളമുള്ള യുവജനങ്ങൾക്കുവേണ്ടി വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കേന്ദ്രീകൃത സ്വഭാവം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്രസ്വ സന്ദർശനാർഥം ദമ്മാമിലെത്തിയ അദ്ദേഹം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി നേതൃയോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു. മുസ്ലിം ലീഗിനും കെ.എം.സി.സി അടക്കമുള്ള എല്ലാ പോഷക സംഘടനകളെയും ദേശീയതലത്തിലും സംസ്ഥാന തലത്തിലും മതേതര ജനാധിപത്യചേരിയുടെ ഭാഗമായി പ്രതീക്ഷയോടെ കാണുന്നതിന്റെ ഉദാഹരണമാണ് 'എന്റെ പാർട്ടിക്ക് ഹദിയ', 'യൂത്ത് ലീഗ് ദോത്തി ചലഞ്ച്' അടക്കമുള്ള പാർട്ടി കാമ്പയിനുകളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
പ്രവിശ്യ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഖാദർ വാണിയമ്പലം അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള മുഖ്യ പ്രഭാഷണം നടത്തി. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക്ക് മക്ബൂൽ ആലുങ്ങൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും ട്രഷറർ അഷ്റഫ് ഗസാൽ നന്ദിയും പറഞ്ഞു. ജൗഹർ കുനിയിൽ ഖിറാഅത്ത് നടത്തി. പ്രവിശ്യ കെ.എം.സി.സി നേതാക്കളായ റഹ്മാൻ കാരയാട്, അമീറലി കൊയിലാണ്ടി, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, മുഹമ്മദ് കരിങ്കപ്പാറ, സിറാജ് ആലുവ, ഒ.പി. ഹബീബ് ബാലുശ്ശേരി, ടി.ടി. കരീം വേങ്ങര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

