ദലിത് സമൂഹത്തിന് ഏറ്റവും വലിയ പരിഗണന നൽകുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ് - ഇ.പി. ബാബു
text_fieldsകെ.എം.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ ഇ.പി. ബാബു സംസാരിക്കുന്നു
റിയാദ്: കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിത്യസ്തമായി ദലിത് സമൂഹത്തിന് ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനാർഥം റിയാദിലെത്തിയ അദ്ദേഹത്തിന് കെ.എം.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ജനാധിപത്യപരമായ പോരാട്ടം അനിവാര്യമാണ്.
ആ പോരാട്ടത്തിന് മുസ്ലിം ദലിത് ഐക്യം ശക്തിപ്പെടുത്തണം. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ആട്ടിമറിക്കുവാൻ വോട്ട് കൊള്ള നടത്തുന്ന ഫാഷിസ്റ്റ് സർക്കാറിനെതിരെ പ്രതിപക്ഷ കക്ഷികളുടെ യോജിച്ച പോരാട്ടമാണ് നടക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന സമരങ്ങൾക്ക് നിരുപാധികം പിന്തുണ നൽകുവാൻ കഴിയണം. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ ശക്തിയാണ് കെ.എം.സി.സി. ജീവകാരുണ്യ സേവന രംഗത്ത് മാത്രമല്ല പ്രവാസി സമൂഹങ്ങൾക്കിടയിൽ കൃത്യമായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലും കെ.എം.സി.സി. മുന്നിട്ട് നിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിവിധ കെ.എം.സി.സി. ഘടകങ്ങൾ നടപ്പിലാക്കുന്ന സാമൂഹ്യ കുടുംബ സുരക്ഷ പദ്ധതികൾ നിരവധി പാവപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണെന്നും ഇ.പി. ബാബു അഭിപ്രായപ്പെട്ടു. നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഡ്വ. അനീർ ബാബു അധ്യക്ഷതവഹിച്ചു.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, മുഹമ്മദ് വേങ്ങര, അബ്ദുറഹ്മാൻ ഫറൂഖ്, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മൽ, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, അഷ്റഫ് കല്പകഞ്ചേരി, പി.സി അലി വയനാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി സിറാജ് മേടപ്പിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

