മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ബലിപെരുന്നാൾ സ്നേഹവിരുന്ന്
text_fieldsമുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ബലിപെരുന്നാൾ സ്നേഹവിരുന്നിൽ ജനറൽ കൺവീനർ
റഹ്മത്ത് ഇലാഹി നദ്വി ഈദ് സന്ദേശം നൽകുന്നു
റിയാദ്: റിയാദിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ബലിപെരുന്നാളിനോടനുബന്ധിച്ച് സ്നേഹവിരുന്ന് നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളും എക്സിക്യൂട്ടിവ് അംഗങ്ങളും വിരുന്നിൽ പങ്കെടുത്തു.
മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ഉസ്മാൻ അലി പാലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. മുൻ ചെയർമാൻ സി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ റഹ്മത്ത് ഇലാഹി നദ്വി ബലിപെരുന്നാൾ സന്ദേശം നൽകി.
മഹാനായ പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിക്കുന്ന ബലിപെരുന്നാൾ മഹത്തായ ഒരു ദർശനത്തെയും നാഗരികതയെയും ഓർമിപ്പിക്കുന്നുവെന്നും അതിന്റെ കാലാവർത്തിയായ അടയാളങ്ങളാണ് ഹജ്ജിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശംസ പ്രസംഗം നിർവഹിച്ച കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് കേരളീയ മുസ്ലിങ്ങളുടെ ഉണർവിന്റെ കാരണം സംഘടിതമായ പോരാട്ടവും പൂർവികരുടെ സമർപ്പണവുമാണെന്നും പുതിയകാലത്ത് ബൗദ്ധികമായ നേതൃത്വം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐക്യവും സഹവർത്തിത്വവും മുറുകെപ്പിടിച്ച് മുന്നോട്ടുപോകുവാനാണ് സംഘടനകൾ ശ്രമിക്കേണ്ടതെന്ന് ആർ.ഐ.ഐ.സി പ്രതിനിധി അഡ്വ. അബ്ദുൽ ജലീൽ പറഞ്ഞു. പുരോഗതിയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണെന്ന് മനസ്സിലാക്കി ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളിറക്കുവാനും സിവിൽ സർവിസ് രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും എം.ഇ.എസ് പ്രതിനിധി നവാസ് റഷീദ് അഭിപ്രായപ്പെട്ടു. ലത്തീഫ് മാനിപുരം (ഐ.സി.എഫ്), സയ്യിദ് സുല്ലമി (എസ്.ഐ.ഐ.സി), അബ്ദുല്ലത്തീഫ് ഓമശ്ശേരി (തനിമ), അർഷാദ് തങ്ങൾ (ജംഇയ്യത്തുൽ ഉലമ), ശുഐബ് വേങ്ങര (എസ്.ഐ.സി), അഫ്ഹം അൽ ഹികമി (ആർ.ഐ.സി.സി), മുനീബ് (സിജി), ഡോ. എസ്. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
ഫായിസ്, ഇശൽ മങ്കരത്തൊടി എന്നിവർ ഗാനമാലപിച്ചു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ജോയിൻറ് കൺവീനർ ഷാഫി തുവൂർ സ്വാഗതവും ഫൈനാൻസ് സെക്രട്ടറി സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

