ജിദ്ദയിലെ പ്രവാസി കലാകാരന്മാരുടെ ‘തീവണ്ടി’ കുതിക്കുന്നു; ശ്രദ്ധേയമായി പുതിയ മ്യൂസിക് ആൽബം
text_fieldsജിദ്ദ: പ്രവാസലോകത്തെ കലാസ്വാദകർക്കിടയിൽ തരംഗമായി ജിദ്ദയിലെ ഒരു കൂട്ടം പ്രവാസി കലാകാരന്മാർ ചേർന്ന് പുറത്തിറക്കിയ പുതിയ മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു. ‘തീവണ്ടി ബാൻഡ്’ അവതരിപ്പിച്ച ‘തീം വണ്ടി സോങ്’ എന്ന ആൽബം വേറിട്ട സംഗീത ശൈലികൊണ്ടും ആലാപന മികവുകൊണ്ടും ദൃശ്യ മികവുകൾ കൊണ്ടും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി.
പരമ്പരാഗത സംഗീത രീതികളിൽനിന്ന് മാറി മലയാളം റാപ്പ് സംഗീതത്തിന്റെയും നാടൻ പാട്ടിന്റെയും തനതായ ഈണങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് ഈ ആൽബം തയാറാക്കിയിരിക്കുന്നത്. നാടൻ പാട്ടിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള താളം പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പൂർണ്ണമായും ജിദ്ദയിലെ മരുഭൂമിയിൽ ചിത്രീകരിച്ച ആൽബത്തിന്റെ എഡിറ്റിങ്ങും മിക്‌സിങ്ങുമെല്ലാം നിർവഹിച്ചത് ഇവിടെ നിന്ന് തന്നെയാണ്. പ്രവാസത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച നിലവാരത്തിലുള്ള സൃഷ്ടികൾ നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കലാകാരൻമാർ.
ക്രിയേറ്റിവ് ഡയറക്ടർ വിജേഷ് ചന്ദ്രുവിന്റെ നേതൃത്വത്തിൽ വിസ്മയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണ് ആൽബത്തിനുള്ളത്. ബിനോയ് ജോസഫിന്റെ വരികൾക്ക് നിഥിൻ സെബാസ്റ്റ്യൻ ഈണം പകർന്നു. സെവിൻ ആണ് പ്രോഗ്രാമിങ്ങും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. സഫീറിന്റെ കാമറയും അജ്മലിന്റെ ഡ്രോൺ ഷോട്ടുകളും മരുഭൂമിയുടെ പ്രകൃതിഭംഗിയെ അതിന്റെ പൂർണതയിൽ ഒപ്പിയെടുത്തു. എസ്.ആർ ദീപക് ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ച ബൈജു ദാസ്, ഡോ. മുഹമ്മദ് ഹാരിസ്, വിജേഷ് ചന്ദ്രു, നിഥിൻ സെബാസ്റ്റ്യൻ, അഭിലാഷ് സെബാസ്റ്റ്യൻ എന്നിവരോടൊപ്പം ബിനോയ് ജോസഫ്, സബീഷ് കെ. സെബാസ്റ്റ്യൻ, സുജു തേവരപ്പറമ്പിൽ, ടോം തോപ്പിൽ എന്നിവരാണ് സ്ക്രീനിൽ ഈ ആൽബത്തിന് ജീവൻ നൽകിയിരിക്കുന്നത്. രമ്യ ബ്രൂസ് ആണ് മേക്കപ്പ് നിർവഹിച്ചത്. ലിബിൻ, അനൂജ്, അജീഷ് എന്നിവർ കലാവിഭാഗം കൈകാര്യം ചെയ്തു.
‘വണ്ടേഴ്സ് ഡയറി’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തിനകം 5000ഓളം ആളുകൾ കണ്ട ആൽബം വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരന്മാർ. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതേ ടീം പുറത്തിറക്കിയ ‘തിരുവോണ തീവണ്ടി’ എന്ന ആൽബവും വലിയ ഹിറ്റായിരുന്നു. നാട്ടിലെ ഓണാഘോഷത്തിന് സമാനമായി തനി നാടൻ ശൈലിയിൽ ജിദ്ദയിലെ മരുഭൂമിയിലെ പച്ചപ്പിൽ നിന്നും ചിത്രീകരണം പൂർത്തിയാക്കി ഇറക്കിയ പ്രസ്തുത ആൽബവും ‘വണ്ടേഴ്സ് ഡയറി’ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ജോലിത്തിരക്കുകൾക്കിടയിലും കലയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈ പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയ്ക്ക് കലാലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘തീം വണ്ടി സോങ്’ ആൽബം കാണാൻ ഈ ലിങ്ക് സന്ദർശിക്കുക: https://www.youtube.com/watch?v=M-iXcWuB-Vg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

