കഴുത്തല്ല എഴുത്താണ് വലുതെന്ന് വിളിച്ചു പറയുക -മുരുകൻ കാട്ടാക്കട
text_fieldsജിദ്ദ: സാമ്രാജ്യത്വവും ഫാഷിസവും അരങ്ങുവാഴുേമ്പാൾ മറവി പുതച്ച് നിസ്സംഗമായി ചുരുണ്ടു കിടക്കുന്ന സമൂഹത്തോട് ഒളിച്ചു വെക്കാതെ വിളിച്ചുപറയുന്ന കവിത തനിക്ക് പ്രതികരിക്കാനുള്ള ഏക ആയുധമാണെന്ന് പ്രശസ്ത കവി മുരുകൻ കാട്ടാകട. കവിത എന്താകണമെന്ന ചർച്ചക്ക് വളരെ പഴക്കമുണ്ട്, എന്നാൽ താൻ ജീവിച്ചിരിക്കുന്ന കാലത്തിലെ അരുതായ്മകളോടുള്ള പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്ന ശക്തമായ നിലപാടുകളാണ് തെൻറ കവിതകൾ എന്നദ്ദേഹം വിശദീകരിച്ചു. ജിദ്ദയിൽ സന്ദർശനം നടത്തുന്ന കവി ‘ഗൾഫ് മാധ്യമ’േത്താട് സംസാരിക്കുകയായിരുന്നു.
എഴുത്തോ നിെൻറ കഴുത്തോ വലുതെന്ന ചോദ്യത്തിന്, എഴുത്താണു വലുതെന്ന് പറയാനുള്ള ആർജവവും ധൈര്യവും സാഹിത്യകാരന്മാർ കാണിക്കേണ്ടതുണ്ട്. വിമർശങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന ഫാഷിസം എഴുത്തുകാരെ ഗൺപോയിൻറിൽ നിർത്തി സമൂഹത്തിൽ ഭീതി ഉണ്ടാക്കുമ്പോൾ നവോഥാന മൂല്യങ്ങളെ നശിപ്പിക്കുകയും മതേതര ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയും ചെയ്യുന്ന ഭരണകൂടം ആൾക്കൂട്ട ഭീകരതക്ക് ചൂട്ട് പിടിക്കുന്ന സമീപനമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിലും കേരളം ഫാഷിസത്തെ അതിജയിക്കുവാനുള്ള കാര്യത്തിൽ ഭാരതത്തിന് മാതൃകയാണ്. പുരോഗമന ചിന്തകൾ, സാക്ഷരത, മതസൗഹാർദം എന്നിവയൊക്കെ കൊണ്ടുതന്നെ കേരളത്തെക്കുറിച്ച് തനിക്ക് ശുഭ പ്രതീക്ഷയുണ്ട്.
എന്നാൽ പെരും നുണകൾ കൊണ്ടും ഭയപ്പെടുത്തുന്ന പ്രസംഗങ്ങൾ കൊണ്ടും ഫാഷിസത്തെ കേരളത്തിലേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുന്നു. ഒരർഥത്തിൽ ജാനാധിപത്യത്തിെൻറ സർഗാത്മകത വിരിയുന്ന വിദ്യാർഥി രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാൻ കോടതികളെപോലും തെറ്റിദ്ധരിപ്പിക്കുന്നു. പല പ്രശ്നങ്ങളിലും സാമ്രാജ്യത്വവും മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നാം കാണുന്നു. അതിനെ പ്രതിരോധിക്കാൻ സാഹിത്യകാരന്മാർ മൗനം വെടിഞ്ഞ് ജാഗരൂകരാവേണ്ടതുണ്ട്. ഈ പ്രതിരോധത്തിെൻറ മുന്നണിയിൽ കവി സച്ചിദാനന്ദനെ പോലുള്ളവരുടേ സംഭാവന വിലപ്പെട്ടതാണ്. പലായനങ്ങൾ തുടർക്കഥയാകുന്ന ലോക സാഹചര്യത്തിൽ റോഹിങ്ക്യയിൽ നിന്നും സിറിയയിൽ നിന്നും വരുന്ന വാർത്തകൾ കരളലിയിക്കുന്നതാണ്. അഹിംസയുടെ ആൾരൂപമായ ശ്രീബുദ്ധെൻറ അനുയായികൾ ഹിംസയുടെ പ്രതിരൂപങ്ങളായി മാറുന്ന വിരോധാഭാസം നാം കാണുന്നു. ഇവക്കെതിരെയുള്ള ശക്തമായ പ്രതിഷേധം തന്നെയാണു തെൻറ കവിതകൾ. ബഗ്ദാദ്, അലെൻ കുർദി എന്നിവ ഉദാഹരണങ്ങളാണ്.
ആറു പേരുള്ള കുടുംബത്തിലെ ഇളയവനാണു താൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ബാല്യം തന്നെ അന്തർമുഖനാക്കി. കവിതകളിലൂടെയാണതിനെ മറികടന്നത്. എനിക്ക് വേണ്ടി വായിച്ച അച്ഛൻ, വിശന്ന അമ്മ, വിയർത്ത ചേട്ടൻ എന്നൊക്കെ പുസ്തകത്തിെൻറ ആമുഖത്തിൻ കുറിച്ചത് സത്യസന്ധമായാണ്. ഒരർഥത്തിൽ ‘സമ്പന്ന’ മായ ബാല്യമാണ് തന്നിലെ കവിയെ വളർത്തിയത്. അതോടൊപ്പം നല്ലവരായ വായനക്കാരാണ് തെൻറ ശക്തി.
യഥാർഥത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളാണു കേരളത്തിെൻറ ശക്തി. അവരാണ് ഭാഷക്കും നാടിനും വേണ്ടി നിസ്വാർഥമായി സേവനമനുഷ്ഠിക്കുന്നത്. മക്കൾക്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ചും മാതൃഭാഷയുടെ മാധുര്യത്തെക്കുറിച്ചും അവബോധം നൽകുന്നതിലും പ്രവാസികൾ കാണിക്കുന്ന താൽപര്യം പ്രശംസനീയമാണ്. തീക്ഷ്ണ പ്രണയത്തിെൻറ ആവിഷ്കാരമായ രേണുക എന്ന കവിതയുടെ രണ്ടാം ഭാഗം ‘നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ’, ‘ഐലൻ കുർദി’ തുടങ്ങി സമകാലിക സംഭവ വികാസങ്ങളോട് സംവദിക്കുന്ന ഒട്ടേറെ കവിതകൾ ഇനിയും വരാനുണ്ടെന്നും അദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
