‘മുന്നേറ്റം’ സീസൺ സിക്സ്; പ്രവാസി വെൽഫെയർ നേതൃപരിശീലന ക്യാമ്പ് സമാപിച്ചു
text_fieldsപ്രവാസി വെൽഫെയർ നേതൃപരിശീലനക്യാമ്പ് ‘മുന്നേറ്റം’ സീസൺ സിക്സ് സൗദി നാഷനൽ പ്രസിഡൻറ് സാജു ജോർജ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഫാഷിസ്റ്റ് വംശീയകാലത്ത് സമൂഹത്തെ എങ്ങനെ നയിക്കണമെന്ന് ചർച്ച ചെയ്ത് പ്രവാസി വെൽഫെയർ നേതൃത്വ പരിശീലനക്യാമ്പ് ‘മുന്നേറ്റം സീസൺ 06’ സമാപിച്ചു. റൗദയിലെ നജ്ദ് ഇസ്തിറാഹയിൽ നൂറോളം ഭാരവാഹികൾ പങ്കെടുത്ത പരിപാടി സൗദി നാഷനൽ പ്രസിഡൻറ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ ഇഛാശക്തി കൊണ്ടും ദൃഢനിശ്ചയം കൊണ്ടും നേരിട്ട് ജീവിതലക്ഷ്യം കൈവരിച്ച എബ്രഹാം ലിങ്കന്റെയും അബ്ദുൽ കലാമിന്റെയും ചരിത്രം ഉദ്ധരിച്ച് സമൂഹത്തിൽ മുന്നേറ്റങ്ങളുണ്ടാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ഓപറേഷൻ സിന്ദൂറിന് നേതൃത്വം കൊടുത്തവർ പോലും അവരുടെ സ്വത്വപരമായ കാരണങ്ങളാൽ വെറുപ്പിനിരയാക്കപ്പെട്ടുവെന്നും സകല വിഭാഗീയതക്കും ഒരു സർക്കാർ തന്നെ പ്രായോജകരാകുന്നത് അതീവ ഉത്ക്കണ്ഠ ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി ചിട്ടപ്പെടുത്തിയ വായ്പാട്ടിന്റെ താളത്തിൽ ഷമീം ആലുവയും മാനസിക ശാരീരിക അഭ്യാസങ്ങൾക്ക് നേതൃത്വം നൽകി ശുകൂർ പൂക്കയിലും ‘മഞ്ഞുരുക്കം’ പരിപാടിക്ക് ഉണർവ് പകർന്നു. പ്രവാസി ട്രഷറർ ലബീബ് മാറഞ്ചേരി ഗ്രൂപ്പ് ചർച്ചക്ക് ആമുഖം കുറിച്ചു.
പത്രപ്രവർത്തനം, വെൽഫയർ, സ്പോർട്സ്, കലയും സാഹിത്യവും, സാമ്പത്തികം, രാഷ്ട്രീയ പ്രവർത്തനം, വനിത ശാക്തീകരണം എന്നീ ശീർഷകങ്ങളിൽ നടന്ന ചർച്ചകളുടെ സംഗ്രഹം മൊയ്ദീൻ കുട്ടി, അഷ്റഫ് ബിനു, അഡ്വ. ജമാൽ, ഖലീൽ പൊന്നാനി, ഫജ്ന ഷഹ്ദാൻ, അബ്ദുറഹ്മാൻ ഒലയാൻ, ജസീറ അജ്മൽ എന്നിവർ അവതരിപ്പിച്ചു. പ്രവാസി കേന്ദ്രകമ്മിറ്റിയംഗം സലീം മാഹി മോഡറേറ്ററായിരുന്നു. വിവിധ ഏരിയകളിൽ നടക്കാനിരിക്കുന്ന പരിപാടികൾ അഷ്റഫ് കൊടിഞ്ഞി, അജ്മൽ ഹുസൈൻ, അംജദ് അലി, നിയാസ് അലി, ഫാഇസ്, അഡ്വ. ജമാൽ, ഹാഷിം, ജസീറ അജ്മൽ, മൊയ്തീൻ കുട്ടി എന്നിവർ അവതരിപ്പിച്ചു.
മോട്ടിവേഷൻ ക്ലാസ് നടത്തിയ ബിസിനസ് പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റ് സുഹാസ് ചേപ്പാലിക്ക് ബാരിഷ് ചെമ്പകശ്ശേരി ആദരഫലകം സമ്മാനിച്ചു. അയ്യൂബ് താനൂർ, അഫ്സൽ ഹുസൈൻ, അബ്ദുറഹ്മാൻ മൗണ്ടു, റിഷാദ് എളമരം, ഷമീർ മേലേതിൽ, ബാസിത് കക്കോടി, ശിഹാബ് കുണ്ടൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.സമാപനത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും നടന്നു.-ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതവും ക്യാമ്പ് കൺവീനർ ഫാറൂഖ് മരിക്കാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

