മുനിയപ്പയുടെ മൃതദേഹം രണ്ടു മാസത്തിനുശേഷം നാട്ടിലേക്ക്
text_fieldsമുനിയപ്പൻ അയ്യനു
ജിദ്ദ: ജീസാനിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലേക്ക്.
ഫെബ്രുവരി 14-ന് മരിച്ച തമിഴ്നാട് ഗൂഡല്ലൂർ പുതുക്കുപ്പം പുതുപ്പേട്ട സ്വദേശി മുനിയപ്പൻ അയ്യനുവിന്റെ (66) ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) പ്രവർത്തകരുടെ ശ്രമഫലമായാണ് ജിസാനിൽനിന്ന് ജിദ്ദ വഴി ചെന്നൈയിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച വൈകീട്ടോടെ സ്വദേശമായ പുതുപ്പേട്ടയിൽ സംസ്കരിക്കും.
ജീസാൻ ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളിയായിരുന്ന മുനിയപ്പന് ജോലിക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ജീസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതം മൂലമാണ് മരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ ഡോക്ടർമാർ സൂചിപ്പിച്ചിരുന്നെങ്കിലും ഡെത്ത് നോട്ടിഫിക്കേഷൻ റിപ്പോർട്ടിൽ മരണ കാരണം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് വിശദമായ അന്വേഷണ നടപടികളുണ്ടായി. മൃതദേഹത്തിന്റെ രാസ പരിശോധനയുടെയും ഫോറൻസിക്ക് പരിശോധനയുടെയും ഫലങ്ങൾ വിലയിരുത്തുന്നതടക്കം നിരവധി നിയമനടപടികളുണ്ടായതാണ് മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്. പൊലീസിന്റെ അന്തിമ അനുമതി ലഭിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമാണ്.
മൃതദേഹം നാട്ടിലയക്കാൻ വൈകിയ സാഹചര്യത്തിൽ ജലയുടെ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, യൂനിറ്റ് ഭാരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവർ സ്പോൺസറുമായും അധികൃതരുമായും നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. മുനിയപ്പന്റെ സഹപ്രവർത്തകൻ സുരേഷ് സുബ്ബരായനാണ് നിയമ നടപടികൾക്കായി ബന്ധുക്കൾ അധികാരപ്പെടുത്തിയത്.
കഴിഞ്ഞ 33 വർഷമായി ജീസാൻ ഫിഷിങ് ഹാർബറിൽ ജോലിചെയ്തിരുന്ന മുനിയപ്പൻ നീലഗിരി ജില്ലയിലെ ഗുഡല്ലൂർ പുതുപ്പേട്ട അയ്യനുവിന്റെയും രമയി അമ്മാളിന്റെയും മകനാണ്. ഭാര്യ: ചിത്ര. മക്കൾ: ലില്ലി, ജിനിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

