ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ ശുചിത്വം ഉറപ്പാക്കണം: ഉടമകൾക്ക് കർശന നിർദേശവുമായി മുനിസിപ്പൽ മന്ത്രാലയം
text_fieldsറിയാദ്: സൗദി അറേബ്യയിലെ നഗരപരിധിയിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ ശുചിത്വം നിലനിർത്തണമെന്നും മുനിസിപ്പൽ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും ഉടമകളോട് മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം ആവശ്യപ്പെട്ടു. നഗരങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനും കാഴ്ച മലിനീകരണം ഇല്ലാതാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.
ഭൂമി ഉടമകൾക്കിടയിൽ നിയമപാലനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ മന്ത്രാലയം ഇപ്പോൾ സമഗ്രമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. 2026 സെപ്റ്റംബർ 26ന് ബോധവത്കരണ കാലയളവ് അവസാനിക്കും. ഇതിന് പിന്നാലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിൽ കർശനമായ ഫീൽഡ് പരിശോധനകൾ നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ഒഴിഞ്ഞുകിടക്കുന്ന ഭൂമി നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുക, നിർമാണ മാലിന്യങ്ങളും മണ്ണ് നീക്കം ചെയ്തതിലൂടെയുള്ള അവശിഷ്ടങ്ങളും നിക്ഷേപിക്കുക, വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും പാർക്കിംഗ് കേന്ദ്രങ്ങളായി മാറ്റുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും. നിശ്ചിത സമയപരിധിക്ക് ശേഷം പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നഗരങ്ങളുടെ ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

