Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഹുരാഷ്ട്ര നാവിക...

ബഹുരാഷ്ട്ര നാവിക പ്രതിരോധ കൂട്ടായ്മ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
news
cancel
camera_alt

ജിദ്ദയിൽ ചേർന്ന ബഹുരാഷ്​ട്ര നാവിക പ്രതിരോധ സഖ്യത്തി​െൻറ മൂന്നാമത് ആസൂത്രണ യോഗത്തിൽനിന്ന്​

ജിദ്ദ: അന്താരാഷ്​ട്ര കടൽപ്പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ മുൻകൈയ്യിൽ രൂപവത്​കരിച്ച ബഹുരാഷ്​ട്ര നാവിക പ്രതിരോധ സഖ്യത്തി​െൻറ മൂന്നാമത് ആസൂത്രണ യോഗം ജിദ്ദയിലെ വെസ്​റ്റേൺ ഫ്ലീറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച നടന്നു. സഖ്യത്തി​െൻറ പൂർണ തോതിലുള്ള പ്രവർത്തന തയാറെടുപ്പുകളിലേക്ക് നയിക്കുന്ന ഈ നിർണായക യോഗത്തിൽ 39 സഹോദര-സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

സഖ്യ രൂപവത്​കരണത്തിനായുള്ള സംയുക്ത പ്രസ്താവനയിൽ ഇതുവരെ 15 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 13 രാജ്യങ്ങൾ ആവശ്യമായ എല്ലാ ഔദ്യോഗിക നിയമനടപടികളും പൂർത്തിയാക്കി സഖ്യത്തി​െൻറ കരാറിൽ ഒപ്പുവെക്കുകയും പൂർണ അംഗത്വം നേടുകയും ചെയ്തു. ഇതോടെ കൂട്ടായ്മയുടെ പ്രവർത്തനം ഔദ്യോഗിക ഘട്ടത്തിലേക്ക് കടന്നു. ബാക്കിയുള്ള രാജ്യങ്ങൾ അംഗങ്ങളാകുന്നതിനുള്ള ആഭ്യന്തര നടപടികൾ വേഗത്തിലാക്കി വരികയാണ്.

കൂട്ടായ്മയുടെ ഘടനാപരമായ രൂപവത്​കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയായിവരികയാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഖ്യത്തി​െൻറ ചീഫ്​ കമാൻഡറായി സൗദി അറേബ്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ ഡെപ്യൂട്ടി കമാൻഡറായി പാകിസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി.

സഖ്യത്തി​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്ര ആസ്ഥാനവും ഔദ്യോഗിക ലോഗോയും യോഗത്തിൽ അംഗീകരിച്ചു. കൂടാതെ, കമാൻഡ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ആസൂത്രണ രേഖകളും നിർദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

അംഗരാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉടൻ തന്നെ സഖ്യത്തി​െൻറ വിവിധ വിഭാഗങ്ങളിൽ ചുമതലപ്പെടുത്തും. ജോയിൻറ്​ കമാൻഡ് ആൻഡ് സ്​റ്റാഫ്, നാവിക പ്രവർത്തന ഏകോപന കേന്ദ്രം, ഇൻറലിജൻസ് കേന്ദ്രം എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇവർ പ്രവർത്തിക്കുക. ഇത് സഖ്യത്തി​െൻറ പ്രതിരോധ ശേഷിയും പ്രവർത്തന സജ്ജതയും വേഗത്തിലാക്കാൻ സഹായിക്കും.

കടൽമാർഗ്ഗമുള്ള അന്താരാഷ്​ട്ര കപ്പൽ ഗതാഗതം, പ്രധാന സമുദ്രപാതകൾ, ഇടുങ്ങിയ കടലിടുക്കുകൾ എന്നിവ സുരക്ഷിതമാക്കുക എന്നതാണ് ഈ സഖ്യത്തി​െൻറ പ്രധാന ലക്ഷ്യം. ഇതുവഴി ആഗോളതലത്തിലുള്ള വ്യാപാരവും സാധന സാമഗ്രികളുടെ ഇറക്കുമതി-കയറ്റുമതിയും തടസ്സമില്ലാതെ നടക്കാൻ സഹായകരമാകും. അന്താരാഷ്​ട്ര നിയമങ്ങളും സഖ്യത്തി​െൻറ കരാറും മുൻനിർത്തി പ്രാദേശികവും അന്താരാഷ്​ട്രീയവുമായ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഈ കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിനിധികൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiadefense alliancenavalOperation Started
News Summary - Multinational naval defence coalition begins operations
Next Story