മുജാഹിദ് സംസ്ഥാന സമ്മേളനം; സൗദി മധ്യമേഖല പ്രചാരണത്തിന് റിയാദിൽ തുടക്കം
text_fieldsമുജാഹിദ് സംസ്ഥാന സമ്മേളന സൗദി മധ്യമേഖല പ്രചാരണ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിക്കുന്നു
റിയാദ്: മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ സൗദി മധ്യമേഖല പ്രചാരണ പരിപാടിക്ക് റിയാദിൽ തുടക്കം. അസീസിയയിലെ ദാറുൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സംസ്ഥാന സമ്മേളനം.
മതംകൊണ്ട് മനുഷ്യരെ ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ മതം മനുഷ്യർക്ക് സമാധാനവും സുരക്ഷയും നൽകുന്ന മാനവിക സന്ദേശമാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സമ്മേളനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം നടത്തുന്നതെന്ന് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ ഭാവത്തിലും രൂപത്തിലും എല്ലാ സാമൂഹിക നന്മകളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശരിയായ വിശ്വാസവും കർമരീതികളും സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും തെറ്റായ വിശ്വാസങ്ങളിലും ആചാരങ്ങളിലും നിന്ന് വിശ്വാസികളെ രക്ഷപ്പെടുത്താനുള്ള പരിഷ്കരണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസം മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പ്രേരിപ്പിക്കുന്ന പുതിയ കാലത്ത് കൂടുതൽ ജാഗ്രത വേണം.
കൊടുങ്ങല്ലൂർ കേന്ദ്രമായി ഉയർന്നുവന്ന മുസ്ലിം ഐക്യസംഘത്തിന്റെ കൈവഴിയായി രൂപപ്പെട്ട മുജാഹിദ് പ്രസ്ഥാനം നടത്തിയ സമ്മേളനങ്ങൾ സമൂഹത്തിന് ദിശാബോധം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിൽ ഇന്ന് കാണുന്ന സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ഉണർവുകൾക്ക് പിന്നിൽ മുജാഹിദ് പ്രസ്ഥാനത്തിന് പങ്കുണ്ട്.
മതനിഷേധ ചിന്തകളും ലിബറൽ ആശയങ്ങളും പുതുതലമുറയെ വഴിതെറ്റിക്കുന്ന സാഹചര്യത്തിൽ സമൂഹത്തെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. ധാർമിക, സദാചാര മൂല്യങ്ങളോട് യുദ്ധം ചെയ്യാനാണ് മതനിരാസ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നത്. വർഗീയതയും തീവ്രവാദ ചിന്തകളും സമൂഹത്തെ ഭിന്നിപ്പിക്കുകയും പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാന സംരംഭങ്ങളെ തകർക്കുകയും ചെയ്യും. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിരാശരാക്കാൻ തീവ്രവാദിക്കൂട്ടങ്ങൾ നടത്തുന്ന ശ്രമങ്ങൾ കാണാതെ പോകരുത്.
ഇന്ത്യയിലെ മതനിരപേക്ഷത മുസ്ലിം സമൂഹത്തിന് ഏറ്റവും വലിയ സുരക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് വെല്ലുവിളികളെ നേരിടേണ്ടത് പ്രതിവർഗീയത കൊണ്ടല്ല, മതേതര സമൂഹവുമായി ചേർന്നുനിന്ന് ഫാഷിസത്തിന്റെ കടന്നുകയറ്റം ചെറുത്തു തോൽപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിക്കുന്ന ലഹരിക്കെതിരായ ബോധവത്കരണം, ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമുള്ള ചർച്ച എന്നിവയും സംസ്ഥാന സമ്മേളനത്തിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ സൗഹൃദ സംഗമങ്ങൾ സംഘടിപ്പിച്ചതായി വാർത്തകുറിപ്പിൽ അറിയിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന മെമന്റോകളുടെ പ്രകാശനം ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. 'ലേൺ ദ ഖുർആൻ' മോഡൽ ഓൺലൈൻ പരീക്ഷയിലെ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സെന്ററിന് കീഴിൽ നടക്കുന്ന മദ്റസയിലെ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. സെന്റർ ഭാരവാഹികൾക്കായി പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ശൈഖ് ഹുസൈൻ അൽ-ബുറയ്ക്, അബ്ദുൽ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുൽഫിക്കർ, സാജിദ് കൊച്ചി, മാസിൻ അസീസിയ, അബ്ദുറസാഖ് സ്വലാഹി, കെൻസ് അഹ്മദ് ജാബിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

