മുജാഹിദ് സംസ്ഥാന സമ്മേളനം; ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsമുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണാർഥം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സൗഹൃദ സംഗമം
ജിദ്ദ: 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയവുമായി കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണാർഥം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗഹൃദസംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെത്തിയ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരായ എച്ച്.ഇ. ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂരിഷ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവരും ജിദ്ദയിലെ വിവിധ സംഘടന നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
കാലഘട്ടത്തിന്റെ അനിവാര്യത ഉൾക്കൊള്ളുന്ന പ്രസക്തമായ സമ്മേളന പ്രമേയം സമൂഹത്തിനിടയിൽ ചർച്ചചെയ്യേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി സംസാരിച്ചു. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന സമ്മേളനപ്രമേയം കാലികപ്രസക്തമാണെന്ന് ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം സംഘടനകൾക്കുള്ളിൽ വർധിച്ചുവരുന്ന അനൈക്യം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ആശങ്കപ്പെടുത്തുന്നതാണെന്നും മതപരമായ അഭിപ്രായവ്യത്യാസങ്ങൾ സാമൂഹികതലത്തിലേക്ക് കൊണ്ടുപോവരുതെന്നും ന്യൂനപക്ഷങ്ങളെ ഒരുമിച്ചു നിർത്തേണ്ടത് മുസ്ലിം സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും ഏവരും ഓർമിപ്പിച്ചു.
അബൂബക്കർ അരിമ്പ്ര, സീതി കൊളക്കാടൻ തിരൂരങ്ങാടി (കെ.എം.സി.സി), കെ.ടി.എ. മുനീർ, സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), അഷ്റഫ് ഒതായി, മൊയ്തീൻ, ശൈഖ് അബ്ദുറഹ്മാൻ യൂസുഫ് ഫദ്ൽ തുടങ്ങിയവർ സംബന്ധിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

