മുജാഹിദ് സംസ്ഥാന സമ്മേളനം; പടിഞ്ഞാറൻ പ്രവിശ്യ പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsമുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യ പ്രചാരണം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ജിദ്ദയിൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 10ാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സൗദി പടിഞ്ഞാറൻ പ്രവിശ്യ പ്രചാരണങ്ങൾക്ക് ജിദ്ദയിൽ തുടക്കമായി. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരിൽ ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ ഒരു നൂറ്റാണ്ടായി സന്ധിയില്ലാ സമരം നടത്തുന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസങ്ങളുടെയും മതത്തിന്റെയും പേരിൽ പരസ്പരം കലഹിക്കുകയും ചൂഷണങ്ങൾ നടമാടുകയും ചെയ്യുന്ന വർത്തമാനകാലഘട്ടത്തിൽ 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന സമ്മേളന പ്രമേയം തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഭൗതിക സുഖസൗകര്യങ്ങളുടെ ആധിക്യത്തിലല്ല, ഇസ്ലാം വിഭാവന ചെയ്യുന്ന മതദർശനത്തിലാണ് മാനസിക സംഘർഷങ്ങൾക്ക് പരിഹാരമെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു.
എത്രത്തോളം ഇസ്ലാമിനെ വിമർശിക്കുന്നുവോ അതിനേക്കാൾ വേഗത്തിൽ ഇസ്ലാം വളർന്നുകൊണ്ടിരിക്കുന്നു. മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിക്കാനുള്ള കുൽസിത ശ്രമങ്ങളെ എതിർത്തു തോൽപിക്കാൻ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണെന്ന് മദനി സദസ്യരെ ഉദ്ബോധിപ്പിച്ചു.
ഇസ്ലാംവിരുദ്ധ കേന്ദ്രങ്ങളുടെ സൃഷ്ടിയാണ് ഇസ്ലാമോഫോബിയ എന്ന സത്യത്തെ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നുള്ളത് സമ്മേളനത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
സ്വതന്ത്ര ചിന്തയെയും ശാസ്ത്രത്തെയും കൂട്ടുപിടിച്ച് സമൂഹത്തിൽ സാംസ്കാരികമായ അധഃപതനമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
മത നിരാസം യാഥാർഥ്യമാക്കാനുള്ള ആധുനിക ഇസ്ലാം വിരുദ്ധരുടെ ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി, വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് ബാബു സേട്ട്, ട്രഷറർ നൂർ മുഹമ്മദ് നൂരിഷ എന്നിവരും സംസാരിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

