മുജാഹിദ് സമ്മേളനം; ഇസ്ലാഹി സെന്റർ സൗഹൃദസംഗമം സംഘടിപ്പിച്ചു
text_fieldsമുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ കെ.എൻ.എം
സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ സംസാരിക്കുന്നു
റിയാദ്: നാടിന്റെ സൗഹൃദം തിരിച്ചുപിടിക്കാൻ സാമുദായിക സംഘടനകൾ ജാഗ്രതയോടെ നീങ്ങണമെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സൗഹൃദ സംഗമം ഒരുക്കിയത്. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു.
'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വിവിധ മത സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകർന്നാൽ നാട്ടിൽ ഒരു പുരോഗതിയും ഉണ്ടാവില്ല.
സൗഹൃദം വീണ്ടെടുക്കാൻ കഠിനാധ്വാനം ആവശ്യമാണ്. കേരളം നേടിയെടുത്ത എല്ലാ നന്മകളും നവോത്ഥാനവും നശിച്ചുപോകുന്ന സാഹചര്യമാണ് വർഗീയത പടർന്നാൽ ഉണ്ടാവുകയെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. സാമൂഹിക ദുരാചാരങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ആവശ്യമാണ്.
എല്ലാ തിന്മകളുടെയും പിന്നിൽ ആർത്തിയും ലഹരിയും വൈകൃതങ്ങളുമാണ്. നിരന്തരമായ ബോധവത്കരണത്തിലൂടെ സാമൂഹിക മാറ്റത്തിനുവേണ്ടി ശ്രമിക്കണം. ഭയപ്പെടുത്തുന്ന രൂപത്തിൽ വളരുന്ന വിശ്വാസവൈകൃതങ്ങൾ തുറന്നുകാണിക്കാൻ തയാറാവണമെന്നും നാടിന്റെ സൗഹൃദം തകർക്കുന്ന രൂപത്തിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഗീയത പടർന്നുകയറിയാൽ പരസ്പര വിശ്വാസം നശിക്കുകയും വലിയ തോതിലുള്ള സംഘർഷത്തിന് അത് കാരണമാവുകയും ചെയ്യും. പരസ്പര സ്നേഹവും സൗഹൃദവും വർധിപ്പിക്കുന്ന കൂടിയിരുത്തങ്ങൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കണമെന്നും വർഗീയത പ്രചരിപ്പിക്കുന്നവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനുള്ള ജാഗ്രതയോടുകൂടിയുള്ള നീക്കങ്ങൾ അനിവാര്യമാണെന്നും വർഗീയശക്തികൾ മേൽക്കൈ നേടുന്ന സാഹചര്യമില്ലാതാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വർഗീയത പ്രചരിപ്പിക്കുന്നവർക്ക് ഒരു പിന്തുണയും നൽകില്ലെന്ന് ഉറക്കെപ്പറയാൻ സാധിക്കണം. സമൂഹത്തിന്റെ പിന്തുണയുണ്ട് എന്ന വ്യാജ അവകാശവാദമാണ് വർഗീയശക്തികൾ പലപ്പോഴും പ്രകടിപ്പിക്കാറുള്ളത്. വർഗീയ തീവ്രവാദ ചിന്തകൾ പടർത്തുന്നവർക്ക് സമൂഹത്തിന്റെ ഒരു പിന്തുണയും ഇല്ലെന്ന് തെളിയിച്ചുകൊടുക്കേണ്ട ബാധ്യത എല്ലാവർക്കുുണ്ടെന്നും സംഗമം ചൂണ്ടിക്കാട്ടി.
ശരീഫ് കുറ്റൂർ, ഇബ്രാഹിം സുബ്ഹാൻ, ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുൽ അസീസ്, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ വക്കം, മുഹമ്മദ് ഷാഫി, സി.പി. മുസ്തഫ, അബ്ദുല്ലത്തീഫ്, ബഷീർ പൂനോത്ത്, ജലീൽ ആലപ്പുഴ, മനാസ് ബിൻ നസീർ, ലത്തീഫ് തെച്ചി, മുഹമ്മദ് ഷാഹിൻ എന്നിവർ നിർദേശങ്ങൾ പങ്കുവെച്ചു.
കെ.എൻ.എം വൈസ് പ്രസിഡന്റുമാരായ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ, കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

