പ്രവാസലോകത്തെ 'കർഷകശ്രീ'യായി മുഹമ്മദ് ബഷീർ
text_fieldsബഷീർ തെൻറ കൃഷിത്തോട്ടത്തിൽ
ജീസാൻ: തിരക്കേറിയ പ്രവാസത്തിലും കൃഷിയുടെ വേറിട്ട സാധ്യതകൾ പരീക്ഷിച്ച് ഒരു പ്രവാസി 'കർഷകശ്രീ'. ജീസാന് സമീപം സബിയയിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ബഷീർ കഴിഞ്ഞ ഒമ്പതു വർഷമായി നിത്യജീവിതത്തിെൻറ ഭാഗമായി കൃഷിയെ ഉപാസിക്കുന്നത്. താമസസ്ഥലത്തോട് ചേർന്നുള്ള മാമ്പഴത്തോട്ടത്തിന് അരികിലായാണ് പച്ചക്കറിക്കായി വിശാലമായ കൃഷിസ്ഥലം ഒരുക്കിയിരിക്കുന്നത്. മരച്ചീനി, വാഴ, മുരിങ്ങ, ചീര, വെണ്ടയ്ക്ക, പടവലം, പയർ, പൊതീന, കൂർക്ക തുടങ്ങി മലയാളികളുടെ ഇഷ്ടപ്പെട്ട പച്ചക്കറികളുടെ ശേഖരമാണ് ഈ തോട്ടം. വർഷം മുഴുവൻ വിളവെടുക്കാൻ കഴിയുന്ന മരച്ചീനികൃഷിയാണ് ഈ തോട്ടത്തിലെ മുഖ്യ ആകർഷണം. മാമ്പഴത്തോട്ടത്തിലെ ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളവും മറ്റും ഉപയോഗിക്കാനുള്ള അനുമതിയും സൗകര്യവും തോട്ടത്തിെൻറ ഉടമയായ സൗദി പൗരൻ നൽകുന്നുണ്ട്. അദ്ദേഹത്തിെൻറ നിർലോഭമായ പിന്തുണ കൃഷിയുടെ വിജയത്തിന് മുഖ്യഘടകമായെന്ന് മുഹമ്മദ് ബഷീർ പറയുന്നു. നല്ല മണ്ണും ശുദ്ധമായ വായുവും മണ്ണിരയും കിളികളും ജൈവവൈവിധ്യം നിറഞ്ഞ അന്തരീക്ഷവും കൃഷിക്ക് മാത്രമല്ല, പ്രകൃതി സ്നേഹികൾക്ക് മനസ്സിന് കുളിർമയുള്ള കാഴ്ചകൾക്കും ഉപകരിക്കും. വിളകളിൽ മെച്ചപ്പെട്ട ഫലം ലഭിക്കാനായി ബഡിങ് കൃഷി രീതിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും ലഭിക്കുന്ന ഒഴിവുവേളകളിലാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്.
കൃഷിയാവശ്യത്തിനായി ഒരു റിയാൽ പോലും ചെലവാക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. കൃഷിചെയ്യാനുപയോഗിക്കുന്നത് ചട്ടികൾ, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ, ചാക്കുകൾ, ടയറുകൾ, തെർമോകോൾ പെട്ടികൾ എന്നിവയാണ്. രാസവളങ്ങൾക്ക് പകരം ജൈവവളങ്ങൾ ആണ് കൃഷിയിൽ ഉപയോഗിക്കുന്നത്. ലഭിക്കുന്ന വിളകളിൽ ഭൂരിഭാഗവും സന്ദർശകർക്കും കൂട്ടുകാർക്കുമായാണ് നൽകുന്നത്. ലോക്ഡൗൺ കാലത്ത് തൊഴിൽ ഇല്ലാത്ത പ്രവാസികൾക്കായി പച്ചക്കറി കിറ്റ് നൽകി സാമൂഹിക സേവനത്തിൽ തേൻറതായ പങ്കുവഹിക്കുകയും ചെയ്തു.
അറേബ്യൻ അത്തി മുളപ്പിക്കുന്ന പുതിയരീതി വളരെ ശ്രേദ്ധയമായിരുന്നു. കൃഷിസംബന്ധമായ സംശയങ്ങളുമായി നിരവധി പേർ നാട്ടിൽനിന്നും ഇവിടെനിന്നും ബന്ധപ്പെടാറുണ്ടെന്ന് ബഷീർ പറയുന്നു. അരലക്ഷത്തോളം വരിക്കാരുള്ള 'കൃഷിയും ആരോഗ്യവും' എന്ന യൂട്യൂബ് ചാനലും 'ജീസാൻ പഞ്ചായത്ത്' എന്നപേരിലുള്ള ടിക്ടോക് അക്കൗണ്ടും ബഷീറിന് സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമത്തിൽ അത്യാവശ്യം അറിയപ്പെടുന്നയാളാണ്. കൃഷിയിൽ നടത്തുന്ന പുതിയ പരീക്ഷണങ്ങളും സ്വയംകണ്ടെത്തുന്ന നൂതന കൃഷിമാർഗങ്ങളും മാത്രമല്ല സമൂഹമാധ്യമ പോസ്റ്റുകളുടെ വിഷയം. കരാ േട്ടയിൽ ബ്ലാക് ബെൽറ്റായ ബഷീർ വ്യായാമ മുറകളും ടിക്ടോക്കിലൂടെയും യൂട്യൂബിലൂടെയും പങ്കുവെക്കുന്നു. മലപ്പുറത്തിെൻറ തനതു ശൈലിയിലുള്ള ലളിതമായ അവതരണരീതിയാണ് അദ്ദേഹത്തിെൻറ വിഡിയോകളെ ശ്രദ്ധേയമാക്കുന്നത്. നാട്ടിലെ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ നാട്ടിൽവന്ന് കൃഷിക്ക് നേതൃത്വം നൽകാൻ നിർബന്ധിക്കുന്നുണ്ട്. കൃഷിയാവശ്യങ്ങൾക്കായി എത്രഭൂമി വേണമെങ്കിലും നൽകാൻ പഞ്ചായത്ത് തയാറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. സബിയയിൽ സ്വകാര്യ കമ്പനിയിൽ ഡെലിവറി ഡ്രൈവറാണ്. ചെറുപ്പത്തിലേ കൃഷിയോട് കമ്പമുണ്ടായിരുന്നു. അതാണ് പ്രവാസത്തിലും കൂട്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

