മുഹമ്മദലി ശിഹാബ് തങ്ങൾ സമുദായത്തെ നേർവഴിക്ക് നയിച്ച മഹാമനുഷ്യൻ - അബ്ദുറഹ്മാൻ ഫൈസി പാതിരാമണ്ണ
text_fieldsകെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ സംസാരിക്കുന്നു.
മക്ക: പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയ മുസ്ലിം സമുദായത്തെ നേർവഴിയിൽ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ പറഞ്ഞു. കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്നേഹത്തിന്റെയും വഴിയിൽ പാണക്കാട് തങ്ങൾ സമുദായത്തെ നയിച്ചു രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ അടുത്ത് വരുന്ന ജനങ്ങൾക്കു വേണ്ടി പാണക്കാട് തങ്ങൾ പ്രവർത്തിച്ചു.
പാണക്കാട് മുഹമ്മദലി ശിഹാബ് അനുസ്മരണ യോഗത്തിൽനിന്ന്
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാതെ പോയ മുസ്ലിം സമൂഹത്തിന്റെ പുരോഗതി കേരളത്തിൽ ഉണ്ടായത് പാണക്കാട് തങ്ങന്മാർ സമുദായത്തെ നയിച്ചത് കൊണ്ടാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ രാഷ്ട്രീയ നേതൃത്വം പാണക്കാട് തറവാടാണെന്നും പ്രതിസന്ധികളിൽ പാണക്കാട് തങ്ങന്മാരോടൊപ്പം ഉറച്ചു നിൽക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി സൗദി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷതവഹിച്ചു.
കേരളത്തിലുടനീളം പ്രവർത്തിക്കുന്ന തങ്ങളുടെ പേരിലുള്ള ഡയാലിസിസ് സെന്ററുകൾ, ആശുപത്രികൾ, ബൈത്തു റഹ്മകൾ എന്നിവ പാണക്കാട് തങ്ങൾ എത്രത്തോളം കേരളീയ മുസ്ലിം സമൂഹത്തെ സ്വാധീനിച്ചു എന്നതിന് തെളിവാണെന്നും ശിഹാബ് തങ്ങളുടെ ജീവിതത്തിൽ നിന്നും കെ.എം.സി.സി പ്രവർത്തകർ മാതൃകകൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പ്രാർഥന സദസ്സിന് അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ നേതൃത്വം നൽകി. മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധീഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ സംസാരിച്ചു. കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും എം.സി നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

