ദുബൈ അന്താരാഷ്ട്ര അറബിക് സമ്മേളനത്തിൽ മുഹമ്മദ് ആര്യൻതൊടിക പ്രബന്ധം അവതരിപ്പിക്കും
text_fieldsമുഹമ്മദ് ആര്യൻതൊടിക
റിയാദ്: ഇന്റർനാഷനൽ കൗൺസിൽ ഓഫ് അറബിക് ലാംഗ്വേജിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര അറബിക് സമ്മേളനത്തിൽ മുഹമ്മദ് ആര്യൻതൊടിക പ്രബന്ധം അവതരിപ്പിക്കും. ഒക്ടോബർ 28 മുതൽ 30 വരെ ദുബൈയിലെ മൂവൻപിക് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ 'അറബിഭാഷയും കൃത്രിമബുദ്ധിയും: യാഥാർത്ഥ്യം, വെല്ലുവിളികൾ, സാധ്യതകൾ' എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുന്നത്.
ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ 85 രാജ്യങ്ങളിൽനിന്നായി 2,100 പ്രതിനിധികൾ പങ്കെടുക്കും. 82 സെഷനുകളിലായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറബി ഭാഷാ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് അറബി ഭാഷ നേരിടുന്ന വെല്ലുവിളികൾ, നിർമിതബുദ്ധിയുടെ സാധ്യതകൾ, ഭാഷാപഠനത്തിലും ഭാഷാവികസനത്തിലും എ.ഐയുടെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
2020 മുതൽ ഇന്റർനാഷനൽ കൗൺസിൽ ഓഫ് അറബിക് ലാംഗ്വേജിൽ അംഗമായ മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദ് ആര്യൻതൊടിക, 2023 മുതൽ തുടർച്ചയായി അന്താരാഷ്ട്ര അറബിക് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ റിയാദില്‍ അഗ്രികള്‍ച്ചറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ആര്യന്തൊടിക, അരീക്കോട് സുല്ലമുസ്സലാം അറബികോളജില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും മേപ്പയൂര്‍ സലഫി ടീച്ചര്‍ എജുക്കേഷനില്‍ നിന്ന് ബി.എഡും പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ നിന്ന് എം ബി. എയും കരസ്ഥമാക്കിയിട്ടുണ്ട്. അറബി ഭാഷയുടെ പ്രചാരണവും വികാസവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയിൽ ഗവേഷണപ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം, അദ്ദേഹത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ അംഗീകാരമാണ്.

