എം.എസ്.എസ് പ്രവാസി കുടുംബസംഗമം നടത്തി
text_fieldsഎം.എസ്.എസ് കോഴിക്കോട് സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം ഡോ. അബ്ദുസ്സമദ്
സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ/കോഴിക്കോട്: പ്രവാസികളാണ് രാജ്യത്തിന്റെ യഥാർഥ ശിൽപ്പികളെന്ന് ഡോ. അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. മുസ്ലിം സർവിസ് സൊസൈറ്റിയുടെ (എം.എസ്.എസ്) ആഭ്യമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വികാസത്തിനും പുരോഗതിക്കും അതത് കാലത്തെ സർക്കാറുകളുടെ പ്രവർത്തനം ഉണ്ടെങ്കിലും അത് അവരുടെ ബാധ്യതയാണ്. എന്നാൽ പ്രവാസികൾ കുടുംബം നോക്കുന്നതിനൊപ്പം നാട് കെട്ടിപ്പടുക്കുന്നതിലും പാവപ്പെട്ടവരെ സഹായിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. പുതിയ തലമുറയെ പിടികൂടിയിരിക്കുന്ന മയക്കുമരുന്ന് ലഹരിയിൽനിന്നുള്ള മോചനമാകണം നമ്മുടെ ലക്ഷ്യം. ആർഭാടങ്ങൾക്കെതിരെ ശക്തമായി പോരാടിയ എം.എസ്.എസിന്റെ പാത ഏവർക്കും മാതൃകയാണെന്നും സമദാനി പറഞ്ഞു.
എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. പ്രവാസികളിൽ സാമൂഹികസേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.പി. മുഹമ്മദ് ഷാഫി (ഖത്തർ ), കെ.പി. ഷംസുദ്ദീൻ (ദുബൈ), ടി.കെ. അബ്ദുൽ നാസർ (ചെന്നൈ), അക്കര മുഹമ്മദ് അബ്ദുൽ അസീസ് (ഖത്തർ), പി.എം. അമീർ അലി (ജിദ്ദ), എൻ.വി. മുഹമ്മദ് ബഷീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജനറൽ സെക്രട്ടറി എൻജി. പി. മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി.
‘യുദ്ധവും സമാധാനവും’ എന്ന വിഷയത്തിൽ പ്രമുഖ ട്രൈനർ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. ഫയാസ് അഹമ്മദ് യൂസഫ് (ദുബൈ), പി.പി. അബ്ദുൽ റഷീദ് (ചെന്നൈ), പി.ടി. മൊയ്തീൻ കുട്ടി, ടി.എസ്. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പാട്ടും പറച്ചിലും അവതരിപ്പിച്ചു. സംഘടനയുടെ കേരളത്തിന് പുറത്തുള്ള പ്രതിനിധികളും വിദേശ ചാപ്റ്ററുകളായ ഖത്തർ, ദുബൈ, അബുദാബി, ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും കുടുംബസമേതം സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

