കോളര്‍ ഐ.ഡി സംവിധാനം വികസിപ്പിക്കാൻ നിർദേശവുമായി എം.പി
text_fieldsRepresentational Image
കുവൈത്ത് സിറ്റി: രാജ്യത്ത് കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പാക്കണമെന്ന നിർദേശവുമായി ദേശീയ അസംബ്ലി അംഗം. കോണ്ടാക്ടില് പേരില്ലെങ്കിലും ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. ദേശീയ അസംബ്ലി അംഗം ഖാലിദ് അൽ ഒതൈബിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. സ്പാം കോളുകള്‍, വഞ്ചന കോളുകള്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നിർദേശം. ഇതുസംബന്ധമായ ഉത്തരവ് ടെലികമ്യൂണിക്കേഷൻ കമ്പനികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്പാം കോള്‍ ചെയ്യുന്നവരെയും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റവാളികളെയും കോളര്‍ ഐ.ഡി സംവിധാനം തടയുമെന്ന് അൽ ഒതൈബി പറഞ്ഞു. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ കമ്പനികൾ നൽകുന്ന സിം കാർഡുകൾ വഴിയുള്ള തട്ടിപ്പ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി അന്വേഷിക്കണം. നിർദേശം അംഗീകരിച്ച് മൂന്നുമാസത്തിനകം ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സിട്ര മന്ത്രിക്ക് സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ട്രൂകോളർ പോലുള്ള ആപ്പുകൾ വഴി കോളർ ഐഡന്റിഫിക്കേഷൻ ലഭ്യമായിരുന്നു. എന്നാല്‍, ഉപഭോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് ആപ്പിന്റെ പ്രവര്‍ത്തനം കുവൈത്തില്‍ നിര്‍ത്തിയിരുന്നു. ക്രൗഡ്-സോഴ്സ് ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ട്രൂകോളർ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കെ.വൈ.സി പ്രകാരമുള്ള കോളര്‍ ഐ.ഡിയാണ് ഖാലിദ് അൽ ഒതൈബി നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

