യാംബു റോയൽ കമീഷനിൽ ‘മൂവ് വിത്ത് അസ്’ കായികമേള
text_fieldsസൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും യാംബു റോയൽ കമീഷനും സംയുക്തമായി സംഘടിപ്പിച്ച കായികമേളയിൽനിന്ന്
യാംബു: രാജ്യത്ത് താമസിക്കുന്നവർക്ക് ഓട്ടവും സൈക്ലിങ്ങും മറ്റു കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ നല്ലൊരു ജീവിത ശൈലി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും യാംബു റോയൽ കമീഷനും സംയുക്തമായി കായികമേള സംഘടിപ്പിച്ചു. ‘മൂവ് വിത്ത് അസ്’ (ഞങ്ങളോടൊപ്പം നീങ്ങൂ) എന്ന ശീർഷകത്തിൽ യാംബു റോയൽ കമീഷൻ വാട്ടർ ഫ്രന്റ് പാർക്ക് ഏരിയയിൽ നടന്ന പരിപാടി യാംബു റോയൽ കമീഷൻ സി.ഇ.ഒ അബ്ദുൽഹാദി അൽ ജുഹാനി ഉദ്ഘാടനം ചെയ്തു.
കൂട്ടയോട്ട മത്സരം, സൈക്കളിങ്, ടേബിൾ ടെന്നീസ്, ഫുട്ബാൾ തുടങ്ങിയ കായിക വിനോദ മത്സരയിനങ്ങളാണ് മേളയിൽ പ്രധാനമായി ഉൾപ്പെടുത്തിയിരുന്നത്. സൗദി വിഷൻ 2030 ന്റെ ഭാഗമായി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വിദേശികളും സ്വദേശികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
മലയാളി കുടുംബങ്ങളും കുട്ടികളും മത്സരങ്ങളിൽ പങ്കാളികളായി. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം നടത്തിയ മത്സരങ്ങളിൽ, ഭിന്നശേഷിക്കാർക്കായി വീൽ ചെയറുകളിൽ മത്സരങ്ങൾ സംഘടിപ്പിച്ചത് പുതിയ അനുഭവമായതായി പങ്കെടുത്തവർ പറഞ്ഞു. ‘മൂവ് വിത്ത് അസ്’ പരിപാടി ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം യാംബുവിന്റെ ടൂറിസ സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള വേദി കൂടിയായി മാറി.
സൗദിയുടെ 13 നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ‘മൂവ് വിത്ത് അസ്’ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. മത്സരങ്ങളിൽ വിജയിക്കുന്ന താരങ്ങൾക്ക് കാഷ് അവാർഡുകളും മറ്റു സമ്മാനങ്ങളും നൽകുന്നുണ്ട്. രാജ്യത്തെ താമസക്കാർക്കെല്ലാം മത്സരത്തിന്റെ ഭാഗമാകാം. ഭിന്നശേഷിക്കാരെ പ്രത്യേകം പ്രോത്സാഹിപ്പിക്കാനും ഓരോ മേളകളിലും ഫെഡറേഷൻ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

