ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നീക്കം; സൗദി ഭരണാധികാരികൾക്ക് കത്തയച്ച് മൂന്ന് രാഷ്ട്രത്തലവന്മാർ
text_fields1. സൗദി ഭരണനേതൃത്വത്തിനുള്ള ഔദ്യോഗിക സന്ദേശങ്ങൾ സിംബാബ്വെ അംബാസഡർ ജോനാഥൻ വതൗനാഷെയിൽ നിന്നും സൗദി വിദേശകാര്യ സഹമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജിയും 2. റുവാണ്ടൻ വിദേശകാര്യ മന്ത്രി ഒലിവിയർ എൻഡുഹുൻഗിരിഹെയിൽ നിന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും സ്വീകരിക്കുന്നു
റിയാദ്: സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിെൻറ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മൂന്ന് രാഷ്ട്രത്തലവന്മാരിൽ നിന്നും ഔദ്യോഗിക സന്ദേശങ്ങൾ ലഭിച്ചു. നയതന്ത്ര ബന്ധം വിപുലീകരിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന നിർദേശങ്ങൾ അടങ്ങിയതാണ് ഈ സന്ദേശങ്ങൾ.
സിംബാബ്വെ പ്രസിഡൻറ് എമേഴ്സൺ മംഗാഗ്വ സൽമാൻ രാജാവിനായി അയച്ച ഔദ്യോഗിക സന്ദേശം റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കൈമാറി. സിംബാബ്വെ അംബാസഡർ ജോനാഥൻ വതൗനാഷെയിൽ നിന്നും സൗദി വിദേശകാര്യ സഹമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജിയാണ് സന്ദേശം ഏറ്റുവാങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം, പൊതുവായ താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും വികസന പദ്ധതികളും ചടങ്ങിൽ ചർച്ചയായി.
ജപ്പാൻ പ്രധാനമന്ത്രി സനായി താകയിച്ചിയിൽ നിന്നുള്ള പ്രത്യേക സന്ദേശം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനെക്കുറിച്ചും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും സന്ദേശത്തിൽ പരാമർശിക്കുന്നു.
റുവാണ്ടൻ പ്രസിഡൻറ് പോൾ കഗാമെയിൽ നിന്നുള്ള സന്ദേശമായിരുന്നു മറ്റൊന്ന്. മേഖലയിലെ സങ്കീർണമായ നിലവിലെ സാഹചര്യങ്ങളിൽ സൗദി അറേബ്യയോടുള്ള റുവാണ്ടയുടെ ഐക്യദാർഢ്യം അദ്ദേഹം സന്ദേശത്തിലൂടെ അറിയിച്ചു. റിയാദിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, റുവാണ്ടൻ വിദേശകാര്യ മന്ത്രി ഒലിവിയർ എൻഡുഹുൻഗിരിഹെയിൽ നിന്നും സന്ദേശം ഏറ്റുവാങ്ങി.
സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനെക്കുറിച്ചും പൊതുവായ താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും ആശയവിനിമയം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

