Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right16 വർഷം മുമ്പ്...

16 വർഷം മുമ്പ് നാടുവിട്ട മകനെതേടി ഉമ്മയും ഉപ്പയും സൗദിയിൽ

text_fields
bookmark_border
16 വർഷം മുമ്പ് നാടുവിട്ട മകനെതേടി ഉമ്മയും ഉപ്പയും സൗദിയിൽ
cancel

ദമ്മാം: 'അവന്‍റെ സ്വത്തോ സമ്പാദ്യമോ ഒന്നും ഞങ്ങൾക്ക്​ വേണ്ട. അവനെയൊന്ന്​ കാണണം. എന്തിനാണ്​ അവൻ ഞങ്ങളെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന്​ ചോദിക്കണം', വിതുമ്പിക്കരഞ്ഞുകൊണ്ട്​ ആ ഉപ്പയും ഉമ്മയും പറഞ്ഞു. 16 വർഷം മുമ്പ് വീടുവിട്ടുപോയ മകനെതേടി എത്തിയിരിക്കുകയാണ് അവർ. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, അഞ്ചപ്പുര സ്വദേശികളായ കുന്നത്ത്​ വീട്ടിൽ ബീരാനും ഭാര്യ സൈനും. അവരുടെ മൂത്തമകൻ യാസിർ അരാഫത്​ (41) ദമ്മാമിലുണ്ടെന്ന് കേട്ടറിഞ്ഞാണ് വരവ്.

40 വർഷം പ്രവാസിയായിരുന്ന ബീരാൻ ഏഴ്​ വർഷം​ മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്​. യാസിർ അരാഫത്​ ഉൾപ്പടെ നാല് ആൺമക്കളാണ്​ ഇവർക്കുള്ളത്​. കല്യാണം കഴിഞ്ഞ്​ അഞ്ചുവർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ലഭിച്ച കൺമണിയാണ് യാസിർ​. അതുകൊണ്ട്​ തന്നെ ഏറെ വാത്സല്യവും കരുതലും നൽകിയാണ്​ വളർത്തിയത്​. ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അന്ന്​ പഠിക്കാനയച്ചു. എന്നാൽ അവൻ പഠനം ഉഴപ്പി. പാതി വഴിയിൽ നിറുത്തി. ഇനിയെന്താണെന്ന് ആലോചിക്കാൻ നിന്നില്ല. ബീരാൻ മകനെ ഗൾഫിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവന് 22 വയസായിരുന്നു. എന്നാൽ ഒരു വർഷം ജോലി​ക്കൊന്നും​ പോകാതെ മുറിയിൽ തന്നെ ഇരുന്നു.​ അതിനുശേഷം ജോലിക്ക് കയറി. നാലുവർഷത്തിന്​ ശേഷമാണ് പിന്നെ നാട്ടിലെത്തുന്നത്. അപ്പോൾ വിവാഹം നടത്തി.

എന്നാൽ അത് വലിയ പരാജയമായിരുന്നു. ഏഴാം ദിവസം വധു വീട്ടിലേക്ക് മടങ്ങിപ്പോയി. അവർക്ക് മറ്റാരോ ആയി ബന്ധമുണ്ടായിരുന്നത്രെ. യാസിർ കേസ്​ കൊടുത്തു. പക്ഷെ വിവഹാമോചനമാണ് വധുവിന്റെ ഭാഗത്തുനിന്നുണ്ടായ ആവശ്യം. അത് ആവശ്യപ്പെട്ട് നിരന്തരം പൊലീസ് വീട്ടിൽ കയറിയിറങ്ങി. ഒടുവിൽ സഹികെട്ട് യാസറിന്‍റെ സമ്മതമില്ലാതെ ഉമ്മ മുൻകൈയെടുത്ത് വിവാഹ മോചന ഉടമ്പടി സമ്മതിച്ചു. ഇതോടെ​ യാസിർ വീട്ടിലേക്ക്​ വരാതായി​. പിന്നീട് എവിടെയാണെന്ന് അറിയാതെയായി. രണ്ട്​ തവണ നാട്ടിൽ യാസിറിനെ കണ്ട കാര്യം ചിലർ അറിയിച്ചതനുസരിച്ച് അവനുള്ള സ്ഥലത്തു​പോയി ഉപ്പയും ഉമ്മയും മകനെ കണ്ടു. ഇനി വീട്ടിലേക്കില്ല എന്നായിരുന്നത്രെ യാസിറിന്റെ നിലപാട്.

പിന്നീട് കുറെക്കാലമായി ഒരു വിവരവുമണ്ടായിരുന്നില്ല. അതിനിടയിലാണ് സൗദിയിലുണ്ടെന്ന് അറിഞ്ഞത്. എന്നാൽ ആരും ദമ്മാമിൽ അവനെ കണ്ടിട്ടില്ല.

നാട്ടുകർക്ക്​ പോലും അയാളെക്കുറിച്ച്​ അറിയുകയില്ല. യാസറിന്‍റെ ഒരു സഹോദരൻ റിയാദിലുണ്ട്. മറ്റൊരാൾ ഖത്തറിലും. യാസിറിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് സഹോദരൻ മാതാപിതാക്കൾ ദമ്മാമിലെത്തിയ വിവരം വിളിച്ചറിയിച്ചു. എന്നാൽ താൻ തിരക്കിലാണ്​ എന്ന മറുപടി നൽകി ഒഴിഞ്ഞുമാറുകയാണത്രെ​.

ഇതിന്​ മുമ്പൊരിക്കൽ മാതാപിതാക്കൾ ഉംറക്കെത്തിയ സമയത്തും, പിതാവിന് കാലിന്​ വേദനയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തിരക്കിലാണ്​ എന്ന മറുപടിയാണത്രേ ലഭിച്ചത്​. മാതാപിതാക്കളുടെ ദുഃഖമറിഞ്ഞ് 'ഗൾഫ്​ മാധ്യമം' ദമ്മാം ബ്യൂറോയിൽനിന്ന് ബന്ധപ്പെട്ടപ്പോഴും താൻ യാത്രയിലാണെന്ന​ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു.

'അവന്‍റെ ഒരു സ്വത്തും ഞങ്ങൾക്ക്​ വേണ്ട. അവന്​ ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക്​ അവനെ വേണം. ഞങ്ങളുടെ സ്വത്ത്​ വിഹിതവും അവനെ ഏൽപിക്കണം. ഇപ്പോൾ തീരെ വയ്യാതായിരിക്കുന്നു. എന്‍റെ മോനെ കണ്ടെത്താൻ സഹായിക്കണം' ബീരാൻ പറയുന്നു. യാസിർ എത്തുമെന്ന്​ അറിയുന്ന ഓരോ ഇടങ്ങളിലും പോയി ഈ വയോധിക ദമ്പതികൾ കാത്തുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ദമ്മാമിലെ ഒരു ഹോട്ടലിൽ യാസർ ഭക്ഷണം കഴിക്കാൻ എത്താറുണ്ടെന്നറിഞ്ഞ്​ രാത്രി വരെ അവിടെയും പോയി കാത്തിരുന്നു. 'ഗൾഫ്​ മാധ്യമം' വാർത്ത വായിക്കുന്നവർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്​ ബീരാനും സൈനുവും.

Show Full Article
TAGS:missing family Parents 
News Summary - Mother and father in Saudi looking for their son who left 16 years ago
Next Story