ഈജിപ്തിലെത്തുന്ന അറബ് വിനോദസഞ്ചാരികളിൽ അധികവും സൗദികൾ
text_fieldsകൈറോ നഗരം,
സൗദിയിൽനിന്ന് ഈജിപ്തിലെത്തിയ മലയാളി സഞ്ചാരികൾ
യാംബു: ഈജിപ്ത് സന്ദർശിക്കുന്ന വിനോദസഞ്ചാരികളിൽ അധികവും സൗദി പൗരന്മാരെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം എട്ടുലക്ഷം പേരാണ് സന്ദർശിച്ചതെന്ന് ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു വകുപ്പ് അറിയിച്ചു. ഗൾഫ് നാടുകളിൽനിന്നാണ് ഈജിപ്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. സൗദികളടക്കം 11 ലക്ഷത്തിലേറെ പേർ 2023ൽ മാത്രം ഈജിപ്ത് സന്ദർശിച്ചു. ഗൾഫിൽനിന്നുള്ള ടൂറിസ്റ്റുകളുടെ ഈജിപ്തിലുള്ള ശരാശരി താമസക്കാലവും ധനവിനിയോഗവും വർധിച്ചിരിക്കുന്നുവെന്നും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെ ആകർഷിക്കാൻ ഈജിപ്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ ടൂറിസം പദ്ധതികൾ ഫലം കണ്ടതായും ടൂറിസം-പുരാവസ്തു മന്ത്രി അഹ്മദ് ഈസ പറഞ്ഞു.
കഴിഞ്ഞ വർഷം ഒന്നരക്കോടി വിദേശ ടൂറിസ്റ്റുകളാണ് ഈജിപ്ത് സന്ദർശിച്ചത്. ഇത് സർവകാല റെക്കോഡാണ്. ഇതിൽ നല്ലൊരു പങ്ക് സൗദി അറേബ്യയിൽ നിന്നുള്ളവരാണ്. സ്വദേശി പൗരന്മാർ മാത്രമല്ല സൗദിയിലുള്ള മലയാളികളടക്കമുള്ള വിദേശികളും ധാരാളമായി ഈജിപ്ത് സന്ദർശിക്കുന്നു. അവധിക്കാലം ചെലവഴിക്കാൻ സൗദിയിലെ മലയാളികളടക്കമുള്ളവരും ഈജിപ്താണ് കൂടുതലായി തിരഞ്ഞെടുക്കുന്നതെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികളടക്കമുള്ളവർക്ക് ഈജിപ്ത് ഓൺ അറൈവൽ വിസ അനുവദിച്ചതും വിസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും ഈജിപ്തിലെ വിവിധ നഗരങ്ങളിലേക്ക് വിമാന കമ്പനികൾ കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്നതും അനുകൂല ഘടകങ്ങളാണ്.
ഇന്ത്യക്കാർക്ക് ഏകദേശം 125 റിയാൽ മാത്രമാണ് ഈജിപ്തിലേക്കുള്ള വിസ ചാർജായി വരുന്നത്. പകൽ കുറഞ്ഞ ചൂടും രാത്രി സുഖകരമായ തണുപ്പും ചേർന്ന നല്ല കാലാവസ്ഥയുള്ള സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഈജിപ്ത് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
ലക്സറിലെ ചരിത്രപ്രദേശങ്ങൾ, ശാന്തമായ നൈൽ നദി തീരങ്ങൾ, ഈജിപ്ഷ്യൻ മ്യൂസിയം, സലാഹുദ്ദീൻ സിറ്റാഡൽ കോട്ട, കടൽത്തീര വിനോദസഞ്ചാര കേന്ദ്രമായ ശറമുൽ ശൈഖ്, മെഡിറ്ററേനിയൻ സൗന്ദര്യവും ചരിത്രവും ഒത്തുചേരുന്ന അലക്സാൻഡ്രിയ, കൈറോ ടവർ, ഖയാത് ബേകോട്ട, ഇമാം ഹുസൈൻ മസ്ജിദ് പോലെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആരാധനാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെല്ലാം ഈജിപ്തിലെത്തുന്ന സന്ദർശകരുടെ മനം നിറക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയും പൗരാണിക പ്രൗഢിയുമുള്ള നഗരങ്ങളിലൊന്നാണ് തലസ്ഥാനമായ കൈറോ. കൈറോ നഗരത്തോട് ചേർന്ന് തന്നെയാണ് പുരാതന നഗരത്തിലെ കാലം മായ്ക്കാത്ത ശേഷിപ്പുകളും പിരമിഡുകളും നിലകൊള്ളുന്നത്. ‘ഗ്രേറ്റ് കൈറോ’ പുതിയ വികസനത്തിന്റെ പാതയിലാണ്. ആധുനിക നഗരിയെ മാറ്റിപ്പണിയാനുള്ള ശ്രമമാണ് ഇപ്പോൾ ഈജിപ്ഷ്യൻ ഭരണകൂടം ചെയ്തുവരുന്നത്. കൈറോ നഗരത്തിലെ ഖാൻ അൽ ഖലീലി കമ്പോളങ്ങളും സന്ദർശകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു. അറബ് സംസ്കാരത്തിന്റെ നേർക്കാഴ്ചകളുടെ ഒരു പരിച്ഛേദം ഇവിടെ ദൃശ്യമാണ്.
നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ഐതിഹാസിക മാനങ്ങളുള്ള ഒരു കമ്പോളമാണ് ഖാൻ അൽ ഖലീലി. ഈജിപ്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വ്യവസായ മേഖലയിൽ പുതിയ നിക്ഷേപാവസരങ്ങൾ നൽകാനും വിവിധ പദ്ധതികൾ ഇപ്പോൾ ഈജിപ്തിൽ നടപ്പാക്കിവരുകയാണ്. ടൂറിസ്റ്റുകൾക്കുള്ള ഹോട്ടലുകളുടെ ശേഷി ഇരട്ടിയാക്കാനും 2028ഓടെ പ്രതിവർഷം മൂന്നു കോടി വിദേശ സന്ദർശകരെ ആകർഷിക്കാനുമുള്ള വൈവിധ്യമാർന്ന ടൂറിസം പദ്ധതികൾ നടപ്പാക്കൽ ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

