ഇന്ത്യൻ തീർഥാടകരിൽ പകുതിയിലധികം സൗദിയിലെത്തി
text_fieldsമലയാളി ഹാജിമാർ ജിദ്ദ എയർപോർട്ടിൽ
മക്ക: ഇന്ത്യയിൽനിന്ന് 20 എംബാർക്കേഷൻ പോയന്റുകൾ വഴി മുക്കാൽ ലക്ഷത്തോളം തീർഥാടകർ ഇതുവരെ സൗദിയിൽ എത്തി. ഇതോടെ ഈ വർഷം ഇന്ത്യയിൽനിന്ന് എത്തേണ്ട ഹാജിമാരിൽ പകുതിയിൽ കൂടുതലും എത്തിക്കഴിഞ്ഞു. ഏപ്രിൽ 29ന് മദീന വഴിയായിരുന്നു ഇന്ത്യൻ തീർഥാടകരുടെ വരവ് ആരംഭിച്ചത്. മൂന്നാഴ്ചയായി മദീന വഴി ഹാജിമാർ എത്തുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയോടെ അത് അവസാനിച്ചു.
ഇനി ജിദ്ദ വഴി മാത്രമാണ് ഇന്ത്യയിൽനിന്നുള്ള ഹാജിമാരെത്തുക. 122,518 പേർക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് അനുവാദം ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും ഇതിനകം സൗദിയിലെത്തി. എത്തിയവരിൽ 10,350 പേർ മദീന സന്ദർശനം തുടരുകയാണ്. ബാക്കിയുള്ളവർ എല്ലാം മക്കയിലെത്തി. മദീനയിൽ അവശേഷിക്കുന്ന തീർഥാടകർ സന്ദർശനം പൂർത്തിയാക്കി വരും ദിവസങ്ങളിൽ മക്കയിലെത്തും.
മദീന വഴിയെത്തിയ മുഴുവൻ ഹാജിമാരും ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. കേരളത്തിൽനിന്നും 9,000-ത്തിലേറെ ഹാജിമാർ മക്കയിലെത്തി. കോഴിക്കോട് നിന്നുള്ള ഹാജിമാരുടെ വരവ് വ്യാഴാഴ്ച അവസാനിക്കും. കണ്ണൂരിൽനിന്ന് ഈ മാസം 29 വരെയും കൊച്ചിയിൽനിന്ന് 30 വരെയുമാണ് വിമാന സർവിസ്. മക്കയിലെത്തിയ മലയാളി ഹാജിമാർ ഉംറ കർമം പൂർത്തിയാക്കി. നാട്ടിൽനിന്നെത്തിയ ഹജ്ജ് ഇൻസ്പെക്ടർമാർ ആവശ്യമായ നിർദേശങ്ങൾ തീർഥാടകർക്ക് നൽകുന്നുണ്ട്.
മക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്. പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ പ്രത്യേക നിർദേശങ്ങൾ നൽകുന്നുണ്ട്. ഒറ്റക്കും കൂട്ടമായും മക്കയിലെ ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുകയാണ് നിലവിൽ തീർഥാടകർ. ഹജ്ജിന് മുന്നോടിയായി ഹജ്ജ് നടക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാനും അവർ സമയം കണ്ടെത്തുന്നുണ്ട്. മസ്ജിദുൽ ഹറാമിലെ നമസ്കാരങ്ങളിലും പ്രാർഥനകളിലും പങ്കെടുത്ത് ഹജ്ജിനെ കാത്തിരിക്കുകയാണ് ഹാജിമാർ. ഹജ്ജിന് ശേഷമാണ് മലയാളി ഹാജിമാരുടെ മദീന സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

