ഒരാഴ്ചക്കിടെ രാജ്യത്ത് ആയിരത്തിലധികം കള്ളക്കടത്ത് കേസുകൾ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിവിധ കര, കടൽ, വ്യോമ അതിർത്തികൾ വഴി നടന്ന വൻതോതിലുള്ള കള്ളക്കടത്ത് ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ മാത്രം 1,008 കള്ളക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജനറൽ അതോറിറ്റി ഓഫ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് വെളിപ്പെടുത്തി. രാജ്യസുരക്ഷക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ഉൽപന്നങ്ങൾ അതിർത്തി കടത്താനുള്ള നീക്കങ്ങൾക്കെതിരെ കസ്റ്റംസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്തവയിൽ 62 ഇനം മയക്കുമരുന്നുകളും 418 തരം നിരോധിത വസ്തുക്കളും ഉൾപ്പെടുന്നു.
കൂടാതെ, 2,263 ഇനം പുകയില ഉൽപന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായി കറൻസി കടത്താൻ ശ്രമിച്ച 19 കേസുകളും ആയുധങ്ങളോ അനുബന്ധ ഉപകരണങ്ങളോ കടത്താൻ ശ്രമിച്ച അഞ്ച് കേസുകളും ഇക്കൂട്ടത്തിലുണ്ട്. ഇറക്കുമതി-കയറ്റുമതി മേഖലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ നിരന്തരമായ സഹകരണവും ഏകോപനവുമാണ് കള്ളക്കടത്ത് പ്രവർത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുന്നത്. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് എത്തുന്നത് തടയാൻ അത്യാധുനിക സംവിധാനങ്ങളാണ് അതിർത്തികളിൽ സജ്ജീകരിച്ചിരിക്കുന്നത്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ വിവരമറിയിക്കാവുന്നതാണ്. ഇതിനായി 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പറോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസമോ ഉപയോഗിക്കാം. അന്താരാഷ്ട്ര തലത്തിൽ നിന്ന് വിവരങ്ങൾ കൈമാറാൻ 009661910 എന്ന നമ്പറിൽ ബന്ധപ്പെടണം. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും വിവരം നൽകുന്നവരുടെ വ്യക്തിത്വം പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

