രാജ്യത്തെ 60 ലക്ഷം വിദ്യാർഥികൾ വെർച്വലായി സ്കൂളുകളിൽ തിരിച്ചെത്തി
text_fieldsയാംബു: ഇൗ അധ്യയനവർഷത്തിലെ രണ്ടാം സെമസ്റ്ററിലെ വിദൂരപഠനത്തിനായി രാജ്യത്തെ 60 ലക്ഷം വിദ്യാർഥികൾ ഞായറാഴ്ച വീണ്ടും വെർച്വലായി സ്കൂളുകളിൽ തിരിച്ചെത്തി. വിദ്യാഭ്യാസ മന്ത്രാലയവും സ്കൂൾ അധികൃതരും എല്ലാ ഒരുക്കങ്ങളും ഇതിനായി പൂർത്തിയാക്കിയിരുന്നു. പുതിയ അധ്യയനവർഷം 2020 ആഗസ്റ്റ് 30നാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം ഓൺലൈൻ പഠനത്തോടെ ആരംഭിച്ച അധ്യയന വർഷം രണ്ടര മാസക്കാലംകൂടി ഇതേ രീതിയിൽ തുടരാൻ മന്ത്രാലയം തീരുമാനിച്ചു. 'മദ്റസത്തീ'എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും ദേശീയ വിദ്യാഭ്യാസ പോർട്ടലായ 'ഐൻ'ചാനലുകളും (23 സാറ്റലൈറ്റ് ചാനലുകൾ) യൂട്യൂബ് ചാനലുകളും വെർച്വൽ നഴ്സറി ആപ്പും വഴി വിദൂര വിദ്യാഭ്യാസ സംവിധാനം വിജയകരമായി നടക്കുന്നുണ്ട്.
നഴ്സറി സ്കൂളുകൾ മുതൽ സർവകലാശാല തലങ്ങളിലുള്ള എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശീതകാല അവധിക്കുശേഷമാണ് ഞായറാഴ്ച വീണ്ടും സജീവമായത്. പൊതുവിദ്യാഭ്യാസത്തിെൻറ ഭാഗമായി 62 ലക്ഷം പാഠപുസ്തകങ്ങൾ ഓരോ ഘട്ടത്തിലും വിതരണം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രക്ഷിതാക്കൾക്ക് സ്ഥാപനങ്ങളിൽനിന്ന് പാഠപുസ്തകങ്ങൾ സ്വീകരിക്കാൻ വേണ്ട നടപടി എടുത്തതായി മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പാലിക്കേണ്ട നടപടിക്രമങ്ങളും നിർദേശങ്ങളും മന്ത്രാലയത്തിെൻറ വെബ് സൈറ്റിലും ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം വഴിയും അറിയിക്കുന്നു.
'മദ്റസത്തീ'ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അധ്യാപകരുമായി സംവദിക്കാനും ആശയവിനിമയം നടത്താനും കഴിയാത്ത വിദ്യാർഥികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശങ്ങൾ അതത് സ്കൂൾ അധികൃതർക്ക് മന്ത്രാലയം നൽകിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് ആഴ്ചയിൽ ഒരു തവണ ഇതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാം. വിദൂരപഠന പ്രക്രിയയുടെ വിജയത്തിൽ കുടുംബങ്ങളുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണം വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകുന്നതിൽ മന്ത്രാലയം സന്തുഷ്ടി അറിയിച്ചു.
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം മനസ്സിലാക്കി എല്ലാവരും കൂടുതൽ ഉണർന്നുപ്രവർത്തിച്ചതിനാൽ വിദൂര വിദ്യാഭ്യാസ പ്രക്രിയ സൗദി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവ് പകർന്നുനൽകിയതായും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആസൂത്രണ പദ്ധതികൾ വിജയകരമായി മാറിയതായും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

