ഈ വർഷം ഹജ്ജ് നിർവഹിച്ചത് 17 ലക്ഷത്തിലേറെ തീർഥാടകർ
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് (ഇഖാമ ഉടമകൾ).
തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിെൻറ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്. പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും തീർഥാടകരുടെ സുരക്ഷയ്ക്കും മികച്ച മുന്നൊരുക്കങ്ങൾക്കും രാജ്യം നൽകുന്ന മുൻഗണനയാണ് ഈ വിജയത്തിന് പിന്നിൽ.
സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നൂതന ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷ-ആരോഗ്യ-ലോജിസ്റ്റിക്സ് വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാൻ മന്ത്രാലയത്തിന് സാധിച്ചു. ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

